
39
നാഭീതടേ ഭുവനദാവാനലോഗ്രമിഹ
കാണുന്നു കാലനിഭഗാത്രം
ജ്വാലാമുഖീ സകലസംഹാരഭാവമൊടു
കോലാഹലങ്ങള്‍ തുടരുന്നു
പാലിക്കണേ ദുരിതമാലൊക്കെ നീക്കി, സുധ –
യോലുന്ന തൃക്കണ്ണിനാലേ
കാരുണ്യമോടു കളിയാടേണമേ, സമയ –
നാമം ധരിക്കുമഖിലാംബേ
40
അന്ധം ജഗത്തിലിടിമിന്നല്‍ കണക്കു പ്രഭ
ചിന്നിത്തെറിക്കുമഴകോടെ,
മിന്നും മണിക്കനകരത്‌നം പതിച്ച മഴ –
വില്ലും കരത്തിലണിയുന്നോന്‍
കൊണ്ടല്‍ തൊഴും നിറമൊടെന്നംബികേ, പെയ്തു –
പെയ്‌തെത്തിടുന്നു പരമേശന്‍
ധന്യാംഗി, നിന്നുടയ മണിപൂരചക്രമതി –
ലണ്ഡങ്ങള്‍ വീണ്ടുമുയിര്‍കൊള്‍വൂ !
41
സമയാംബികേ, ലാസ്യലളിതാംബികേ, വിശ്വ –
രചനാംബികേ, നൃത്തകലിതേ
നടനപ്രിയന്‍ മൃഡനൊടിണചേര്‍ന്നഹോ , നാട്യ –
രസമൊന്‍പതും പെറ്റ മഹിതേ
അഖിലാണ്ഡകോടിശതമുടലാണ്ടു ഹേ ജനനി-
യവിടുന്നു ജന്മമരുളുന്നു
പ്രളയത്തില്‍നിന്നു ധരകരയേറ്റിയാധാര –
നിലയത്തിലേറി വിളയാടൂ
(ഇത്രയും ശ്ലോകങ്ങള്‍ സൗന്ദര്യലഹരിയുടെ ഒന്നാം ഭാഗമാണ്. ഇത് ആനന്ദലഹരി എന്നും അറിയപ്പെടുന്നു. തുടര്‍ന്നുള്ളവ ദേവിയുടെ കേശാദിപാദവര്‍ണനയാണ്.)