ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള വിജയാഘോഷങ്ങള്‍ ഹൈക്കോടതി നിരോധിച്ചു.
സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളോ വിദ്യാര്‍ത്ഥികളോ മറ്റാരെങ്കിലുമോ റോഡുകളിലോ കോളേജുകള്‍, ഹോസ്റ്റലുകള്‍ എന്നിവയ്‌ക്കുള്ളിലോ ഒരു പ്രകടനവും നടത്താന്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ , ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
അത്തരമൊരു വിജയഘോഷയാത്ര നടക്കാതിരിക്കാന്‍ ദല്‍ഹി പോലീസിന് ഉത്തരവാദിത്തമുണ്ട്. ഉത്തരവു ലംഘിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ക്കു പുറമെ കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രചാരണ വേളയില്‍ തങ്ങളുടെ മുന്‍ ഉത്തരവുകളുടെയും ലിംഗ്ദോ കമ്മിറ്റി ശുപാര്‍ശകളുടെയും ലംഘനം ഉണ്ടായതായി ചൂണ്ടിക്കാട്ടിയ കോടതി, എല്ലാ പ്രധാന വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും മാതൃകാപരമായ പിഴ ചുമത്തുമെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 140 സ്ഥാനാര്‍ത്ഥികള്‍ക്കും പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും കോടതി നോട്ടീസ് അയച്ചു,
വിദ്യാര്‍ത്ഥികളാണെന്നതിന്‌റെ പേരില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് പോലീസ് ഒഴിഞ്ഞുമാറരുതെന്നും ബെഞ്ച് മുന്നറിയിപ്പു നല്‍കി.
















