
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ഈ മാസം 27-ന് നടക്കുന്ന ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റ് ജീനി (Ticketgenie.in) എന്ന പ്ലാറ്റ്‌ഫോമിലൂടെ കാണികള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഫിനസ് ഗ്രൂപ്പ് എം.ഡിയും ഇക്കൊല്ലത്തെ കെസിഎല്‍ ചാമ്പ്യന്മാരായ തൃശൂര്‍ ടൈറ്റന്‍സ് ടീം ഉടമയുമായ സജാദ് സേഠിന് ടിക്കറ്റ് കൈമാറി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായര്‍, സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഗാലറി ടിക്കറ്റുകള്‍ക്ക് 650 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പവലിയന്‍ ടിക്കറ്റിന് 1250 രൂപയും, പവലിയന്‍ എ, ജെ എന്നിവയ്‌ക്ക് യഥാക്രമം 1800, 2000 രൂപയുമാണ് വില. എലൈറ്റ് പവലിയന്‍ ടിക്കറ്റുകള്‍ക്ക് 2500 രൂപയും കെസിഎ ബോക്‌സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ക്ക് 5000 രൂപയുമാണ് നിരക്ക്. എല്ലാവിധ ടാക്‌സുകളും ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന് 300 രൂപയാണുള്ളത്.