തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്ന വിജിലന്‍സ് പരാതിയുടെ പശ്ചാത്തലത്തില്‍ പുതിയ വിവാദം. പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊപ്പം, അതിന് പിന്നിലെ മുന്‍കാല ഭരണനടപടികള്‍, ഓഡിറ്റ് തടസവാദങ്ങള്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, ജീവനക്കാര്‍ക്ക് അനുവദിച്ച പ്രത്യേക അവധി, വിവരാവകാശ അപേക്ഷകളിലെ നടപടിക്രമങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിഷയങ്ങളും പരിശോധിച്ച് വസ്തുത പുറത്തുകൊണ്ടുവരണമെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.
2025 ഏപ്രില്‍ 30ന് വിരമിച്ച ഫാം സൂപ്രണ്ട് ടി.ടി. ജേക്കബിന്റെ സേവനകാലവുമായി ബന്ധപ്പെട്ട് നിരവധി ഓഡിറ്റ് തടസവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, അവയില്‍ ചിലത് വിരമിക്കുന്നതിന് മുമ്പ് പരിഹരിക്കപ്പെട്ടിരുന്നില്ലെന്നുമാണ് എംപ്ലോയീസ് സംഘിന്റെ ആരോപണം.
പ്രത്യേക അവധി അനുവദിച്ചത് ചട്ടപ്രകാരം: സര്‍വ്വകലാശാല
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരിയായ ഡോ. പ്രവിഷ കെ.ആറിന് ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് സര്‍വ്വകലാശാല പ്രത്യേക അവശതാവധി അനുവദിച്ചതുമായി ബന്ധപ്പെട്ടും പരാതി ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, നിശ്ചിത സാഹചര്യങ്ങളില്‍ ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടെ സംഭവിക്കുന്ന അപകടവുമായി ബന്ധപ്പെട്ട് അനുവദിക്കുന്നതിനുള്ള വ്യവസ്ഥ നിലവിലുണ്ടെന്ന് എംപ്ലോയീസ് സംഘ് ചൂണ്ടിക്കാട്ടി. ഡോ. പ്രവിഷ കെ.ആറിനെതിരെ ഉയര്‍ന്ന പരാതിക്ക് പിന്നില്‍ വ്യക്തിപരമായ വിരോധമുണ്ടെന്ന ആരോപണവും എംപ്ലോയീസ് സംഘ് ഉന്നയിച്ചു.
ഡോ. പ്രവിഷയും ശ്യാംനാഥ് കെ.യും നല്‍കിയ പരാതികളില്‍ നടപടികള്‍ നേരിടുന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകളില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയും വഹിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട ഭരണനടപടികളില്‍ ഇടപെടുന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് അതേ വിഷയവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകളില്‍ വിവരങ്ങള്‍ നല്‍കുന്നതെങ്കില്‍, നടപടിക്രമങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിന് ഉയര്‍ന്ന അധികാരിയുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തണമെന്നാണ് സംഘിന്റെ ആവശ്യം.
ടി.ടി. ജേക്കബിന്റെ സേവനകാലവുമായി ബന്ധപ്പെട്ടതായി പറയുന്ന ഓഡിറ്റ് തടസവാദങ്ങളുടെ സ്വഭാവം, അവയില്‍ ഉള്‍പ്പെട്ട സാമ്പത്തികവും ഭരണപരവുമായ വിഷയങ്ങള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം, അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വൈകുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്നിവ സര്‍വകലാശാല വ്യക്തമാക്കണമെന്ന് എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.
ഓഡിറ്റ് തടസങ്ങള്‍ എന്തൊക്കെയാണെന്നും, അവയ്‌ക്ക് ഉത്തരവാദികള്‍ ആരാണെന്നും, അവ പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്നും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വൈകുന്നതിന് നിയമപരമായ കാരണം എന്താണെന്നുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ഉണ്ടാകണമെന്നും സംഘ് ആവശ്യപ്പെട്ടു. നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രശാന്ത് പി.എസ്. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങളും രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കണം.
ഒരാള്‍ ഉന്നയിക്കുന്ന ആരോപണം മാത്രം അടിസ്ഥാനമാക്കി ജീവനക്കാരെ കുറ്റക്കാരാക്കാന്‍ പാടില്ല. അതേസമയം, ഏതെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നടപടി വേണം. അമ്പലവയല്‍ ഗവേഷണ കേന്ദ്രത്തിലെ മുഴുവന്‍ വിഷയങ്ങളിലും സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാരെ സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന രംഗത്ത് വരുമെന്നും കേരള കാര്‍ഷിക സര്‍വകലാശാല എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് അജി വി. എന്‍., സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
















