കൊല്‍ക്കത്ത: ബംഗാളില്‍ മാവോയിസ്റ്റ് വിരുദ്ധ നീക്കത്തിന് നിര്‍ണായക മുന്നേറ്റം. തലയ്‌ക്ക് 2.2 കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്ന സിപിഐ (മാവോയിസ്റ്റ്) നേതാവ് അസിം മണ്ഡല്‍ എന്ന ആകാശിനെ കൊല്‍ക്കത്ത പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) പിടികൂടി.
പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവും ബംഗാള്‍ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയുമാണ് അസിം മണ്ഡല്‍. ബംഗാളിലെ പുര്ബ മേദിനിപൂര്‍ ജില്ലയില്‍ നിന്നാണ് ഇയാളെ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തത്. ബംഗാള്‍-ഝാര്‍ഖണ്ഡ് അതിര്‍ത്തിയോട് ചേര്‍ന്ന ദല്‍മജംഗല്‍മഹല്‍ മേഖലയില്‍ സുരക്ഷാസേന ശക്തമാക്കിയ നടപടികള്‍ക്കിടെയാണ് അറസ്റ്റ്.
അസിം മണ്ഡലിനെ പിടികൂടാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ 1 കോടിയും ഒഡിഷ സര്‍ക്കാര്‍ 1.2 കോടിയും, ആകെ 2.2 കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി സുരക്ഷാസേനയുടെ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അസിം മണ്ഡലിന്റെ അറസ്റ്റോടെ ബംഗാളിലെ മാവോയിസ്റ്റ് ശൃംഖലയ്‌ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാകുകയാണ്.













