സ്വാമി ഗോലോകാനന്ദ മഹാരാജിന്റെ മഹാസമാധി സമാരാധന സപ്തംബര്‍ 14ന് നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍ സമംഗളം ആചരിച്ചു. ആശ്രമാധ്യക്ഷനായ സ്വാമി മോക്ഷവ്രതാനന്ദ മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു സമാരാധന ചടങ്ങുകള്‍. സപ്തംബര്‍ രണ്ടിനാണ് സ്വാമിജി സമാധിയായത്. 14നു രാവിലെ 8 ന് ഷോഡശോപചാരപൂജയില്‍ തുടങ്ങി ഹോമം, ഭജന്‍, വിഷ്ണു സഹസ്രനാമ പാരായണം, അനുസ്മരണം, യതിപൂജ, പ്രസാദ വിതരണം എന്നിങ്ങനെയായിരുന്നു ചടങ്ങുകള്‍. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ സംന്യാസിശ്രേഷ്ഠര്‍, രാഷ്‌ട്രീയപ്രമുഖര്‍, സമൂഹത്തിലെ ഉന്നത വ്യക്തികള്‍, ആശ്രമഭക്തര്‍ ഇങ്ങനെ ഒട്ടനവധി പേര്‍ സ്വാമിജിക്ക് ഹൃദയംഗമമായി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ആശ്രമാദ്ധ്യക്ഷനായ മോക്ഷവ്രതാനന്ദ സ്വാമിജി തുടക്കം കുറിച്ചു. തിരുവനന്തപുരം, ഹരിപ്പാട്, കൊയിലാണ്ടി, കോഴിക്കോട്, തിരുവല്ല എന്നീ ആശ്രമങ്ങളിലൊക്കെ അദ്ധ്യക്ഷനായിരുന്ന ഗോലോകാനന്ദ സ്വാമിജി ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ കൂടിയതോടെ സമയാസമയം മരുന്നും വൈദ്യശുശ്രൂഷയും നല്‍കാന്‍ ശാസ്തമംഗലം ആശുപത്രിയോടനുബ ന്ധിച്ചുള്ള ആശ്രമത്തിലേക്കു മാറ്റി. മോക്ഷവ്രതാനന്ദ സ്വാമിയുടെ ശ്രദ്ധയും പരിചരണവും കിട്ടത്തക്കവിധം സ്വാമിജിയുടെ കണ്‍വെട്ടത്തു തന്നെയായിരുന്നു ഗോലോകാനന്ദസ്വാമിയുടെ മുറി. അവര്‍ തമ്മില്‍ ഉണ്ടായിരുന്നത് പിതൃപുത്രസമാനബന്ധം തന്നെയായിരുന്നു. ആശുപത്രി കാര്യങ്ങള്‍ക്കായി ചെല്ലുന്ന ഭക്തര്‍ക്ക് അമ്പലത്തിന് അടുത്തുള്ള പൂമുഖത്തു വന്നിരിക്കുന്ന ഗോലോകാനന്ദസ്വാമിജിയെ കൂടെ കാണാന്‍ കഴിയുന്നത് സന്തോഷകരമായിരുന്നു. സ്വാമിജിക്കാണെങ്കില്‍ എല്ലാവരെയും കാണുന്നതു വളരെ താല്പര്യവും. പ്രസന്നനായി ചിരിച്ചുകൊണ്ടിരിക്കുന്ന സ്വാമിജിയോട് സംസാരിക്കാന്‍ ഒരു ഭയവും വേണ്ട. ശുഭാപ്തി വിശ്വാസത്തോടെയെ സ്വാമിജി സംസാരിക്കു. ആദ്ധ്യാത്മിക കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍, പ്രത്യേകിച്ച് രാമകൃഷ്ണദേവനെയോ, ശ്രീശാരദാദേവിയെയോ, സ്വാമി വിവേകാനന്ദനെയോ കുറിച്ചാണെങ്കില്‍ ഏറെ വാചാലനാകുമെന്നു മാത്രമല്ല പലപ്പോഴും ആനന്ദക്കണ്ണീരൊഴുകുകയും ചെയ്യും.
അനുസ്മരണചടങ്ങില്‍ എല്ലാവരും ഒരുപോലെ ഹൃദയത്തില്‍ത്തട്ടി പറഞ്ഞത് ഗോലോകാനന്ദസ്വാമിയുടെ നിറഞ്ഞ സ്‌നേഹവാത്സല്യത്തേയും നിഷ്‌കളങ്കമായ ചിരിയേയും കുറിച്ചാണ്. അത് എത്രയോ പേര്‍ക്ക് പ്രേരണയും പ്രചോദനവും ആയി എന്നതും എടുത്തു പറയപ്പെട്ടു. എല്ലാവര്‍ക്കും ആകര്‍ഷണമായി തോന്നിയിരുന്നത് സ്വാമി ജിയിലെ ലാളിത്യവും സ്‌നേഹവുമാണ്. കണ്ടാലുടനെ ഭക്ഷണം കഴിച്ചോ, ഇല്ലെങ്കില്‍ കഴിച്ചിട്ടു വരൂ എന്ന് മാതൃഭാവത്തോടെ പറയും. ഓരോരുത്തരെയും സ്വാമിജി വ്യക്തമായി ഓര്‍ത്തുവെയ്‌ക്കും. അവര്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കും. വേണ്ട പ്രോത്സാഹനം നല്‍കും. ബുദ്ധിമുട്ടുകള്‍ പറഞ്ഞാല്‍ മനസ്സ് ആര്‍ദ്രമായി പരിഹാരങ്ങള്‍ പറയും. ആത്മീയ മാര്‍ഗ്ഗത്തില്‍ ഉയരാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കും. എല്ലാ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലും അതിയായ ജ്ഞാനവും ഓര്‍മ്മയും ഉണ്ട്. അതുകൊണ്ട് എന്തു സംശയം ചോദിച്ചാലും പറയാന്‍ കഴിയും.
സ്വാമിജിക്ക് കൃഷിയില്‍ വളരെ താല്പര്യമുണ്ടായിരുന്നു. കൊയി ലാണ്ടിയിലും കോഴിക്കോട്ടും ഒക്കെ സ്വാമിജി ആശ്രമാധ്യക്ഷനായിരുന്ന പ്പോള്‍ അവിടം സന്ദര്‍ശിച്ചവരൊക്കെ സ്വാമിജിയുടെ കൃഷിയിലുള്ള ഉത്സാഹം നേരില്‍ കണ്ടതിനെക്കുറിച്ച് പറയുകയുണ്ടായി. ആശ്രമത്തിനു പുറമേ അടുത്ത വീടുകളിലും കൃഷി ചെയ്യാന്‍ വേണ്ട നിര്‍ദ്ദേശവും സഹായവും സ്വാമിജി ചെയ്തിരുന്നു.
യാത്രകള്‍ സ്വാമിജിക്ക് വലിയ ഇഷ്ടമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളൊന്നും സ്വാമിജിയുടെ മനസ്സിനെ ബാധിച്ചിരുന്നില്ല. ആറന്മുളയില്‍ ‘സുഗതവനം’ കാണാന്‍ വീല്‍ചെയറില്‍ എത്തിയ കാര്യവും അനുസ്മരണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. നിലയ്‌ക്കല്‍ പ്രക്ഷോഭകാലത്ത് അവിടെയുള്ള ദരിദ്രരായ വനവാസികളുടെ കഷ്ടപ്പാടുകള്‍ കണ്ട് വിഷമിച്ച് അവര്‍ക്കു വേണ്ട അടിയന്തരാവശ്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ സ്വാമിജി ഇടപെട്ടതും പരാമര്‍ശിക്കപ്പെട്ടു.
ശ്രീശങ്കരാചാര്യസ്വാമികളുടെ വിവേകചൂഡാമണിയില്‍-
കുലം പവിത്രം ജനനീ കൃതാര്‍ത്ഥാ
വസുന്ധരാ പുണ്യവതീ ച തേന
അപാരസച്ചിത്സുഖസാഗരേƒസ്മിന്‍
ലീനം പരം ബ്രഹ്‌മണി യസ്യ ചേതഃ
(ഏതൊരു മനുഷ്യന്റെ മനസ്സാണോ അപാരമായ സച്ചിദാനന്ദ പരബ്രഹ്‌മസാഗരത്തില്‍ പൂര്‍ണ്ണമായി ലയിച്ചു ചേര്‍ന്നിരിക്കുന്നത് അവന്‍ കാരണം അവന്‍ ജനിച്ച വംശം പവിത്രമായിത്തീരുന്നു, അവന് ജന്മം നല്‍കിയ അമ്മ ധന്യയായിത്തീരുന്നു). ഈ ശ്ലോകം പൂര്‍ണ്ണമായിത്ത ന്നെ ചേരുന്ന ഒരു ദിവ്യസംന്യാസിയായിരുന്നു ഗോലോകാനന്ദ സ്വാമിജി എന്ന അഭിപ്രായം ഏറ്റവും ഉചിതമായി.
”ജ്ഞേയഃ സ നിത്യസം
ന്യാസീ യോ ന ദ്വേഷ്ടി ന കാംക്ഷതി” (യാതൊരുവന്‍ ദ്വേഷിക്കുന്നില്ലയോ ആഗ്രഹിക്കുന്നില്ലയോ അവനെ നിത്യസംന്യാസിയെന്നറിയണം), ”സന്തുഷ്ട സതതം യോഗി” (എപ്പോഴും സന്തുഷ്ടനും യോഗിയും) എന്നീ ഗീതാശ്ലോകശകലങ്ങളും സ്വാമിജിയെ അനുസ്മരിച്ച് ഉദ്ധരിക്കപ്പെടുകയുണ്ടായി.
‘ഋതം ച സ്വാധ്യായ പ്രവചനേ ച’ എന്ന ശ്രുതിവാക്യത്തിലൂടെ പഠിച്ച വിദ്യ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കണം എന്ന സ്വാമിജിയുടെ നിഷ്‌ക്കര്‍ഷയെക്കുറിച്ചും പലരും അനുസ്മരിച്ചു.
ശാസ്തമംഗലം ആശ്രമഹാളില്‍ കേരള സര്‍വ്വകാലാശാല വേദാന്തപഠനകേന്ദ്രം കഴിഞ്ഞ ജൂലൈ 20ന് നടത്തിയ സ്വാമി ആഗമാനന്ദ മെമ്മോറിയല്‍ മീറ്റിങ് ആയിരുന്നു ഗോലോകാനന്ദ സ്വാമി ജി പങ്കെടുത്ത അവസന പരിപാടി. പൂജ്യ ആഗമാനന്ദസ്വാമി ജിയിലൂടെ ശ്രീരാമകൃഷ്ണമഠത്തിലെത്തിയ സ്വാമിജിയുടെ പൂര്‍വ്വാശ്രമ കഥകള്‍ അന്ന് വളരെ ഉത്സാഹത്തോടെ പറയുകയുണ്ടായി. കിടങ്ങന്നൂര്‍ തോമ്പില്‍ കുടുംബത്തില്‍ ശിവരാമപിള്ളയുടെയും ജാനകി അമ്മ യുടെയും മകനായി ജനിച്ച നാരായണന്‍കുട്ടി എന്ന നാരായണപിള്ള സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ നേടി ജോലിയില്‍ ചേര്‍ന്ന ശേഷം അതില്‍ നിന്നും വിരമിച്ച് തന്റെ സേവനോന്മുഖമായ കര്‍മ്മമാര്‍ഗ്ഗത്തെ രാമകൃഷ്ണാശ്രമത്തില്‍ കണ്ടെത്തി. അങ്ങനെ ”ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച” (സ്വന്തം മോക്ഷത്തിനും ലോകത്തിന്റെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുക) എന്ന രാമകൃഷ്ണമഠത്തിന്റെ മുഖമുദ്രയെ ജീവിതത്തില്‍ അന്വര്‍ത്ഥ മാക്കിയ സംന്യാസിവര്യനാണ് പൂജ്യ ഗോലോകാനന്ദ സ്വാമിജി.
അനുസ്മരണങ്ങള്‍ക്കു ശേഷം ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ നിന്നും മറ്റു പല ആശ്രമങ്ങളില്‍ നിന്നും വന്നുചേര്‍ന്ന എല്ലാ സംന്യാസി വര്യരെയും ആദരിച്ചുകൊണ്ട് യതിപൂജയും മംഗളമായി നടന്നു.
സുസ്‌മേരവദനനും സ്‌നേഹനിധിയുമായിരുന്ന പൂജ്യഗോലോ കാനന്ദ സ്വാമിജിയുടെ പവിത്രപാദങ്ങളില്‍ പ്രണമിച്ചുകൊണ്ട് സ്വാമിജി പരത്തിയ ആ പ്രകാശത്തിലൂടെ നമുക്ക് മുന്നോട്ടുപോകാം.











