സിനിമ പ്രൊമോഷനിടിയില്‍ ഇംഗ്ലീഷില്‍ സംസാരിച്ചതിന് അവതാരകയെ നടി ഉര്‍വശി വിമർശിച്ചതിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് . അതുമായി ബന്ധപ്പെട്ട് പ്രേക്ഷകർ രണ്ടായി തിരിഞ്ഞാണ് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്. വിഷയത്തിൽ നിർമാതാവ് സുപ്രിയ മേനോൻ അടക്കം ഉർവശിയെ വിമർശിച്ചിരുന്നു.
ഈ സാഹര്യത്തിൽ ഉർവശി നൽകിയ പുതിയ അഭിമുഖവും അതിൽ പറഞ്ഞ ചില കാര്യങ്ങളുമാണ് ശ്രദ്ധ നേടുന്നത്. ഒരുപാട് പ്രാവശ്യം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ആളാണ് താനെന്ന് താരം പറഞ്ഞു. സവിശേഷതകൾ നിറഞ്ഞൊരു വിഗ്രഹമായി തന്നെ ആരും കാണണ്ടെന്നും ഉർവശി പറയുന്നു.
‘ ഒരുപാട് പ്രാവശ്യം ഞാൻ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതൊന്നും കറക്ട് ചെയ്യാൻ നിൽക്കുന്നതിനോട് എനിക്ക് താൽപര്യം ഇല്ല. കറക്ട് ചെയ്യാനാണെങ്കിൽ ഇന്നത്തെ സോഷ്യൽമീഡിയയുടെ മുന്നിൽ ഇങ്ങനെ കറക്ട് ചെയ്തുകൊണ്ടേയിരിക്കേണ്ടി വരും. പ്രധാനമായും ഞാൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാറില്ല. ആരെയും അങ്ങനെ ചെയ്യുന്നൊരാളല്ല ഞാൻ. പറയേണ്ട കാര്യങ്ങൾ ഒരു തമാശയിൽ പറയും. അത്രയേയുള്ളു.
മനപൂർവം ഒരാളെ ഇപ്പോൾ അങ്ങ് പറഞ്ഞേക്കാം എന്നൊന്നും കരുതി പറയാറില്ല. അങ്ങനൊരു വൈരാഗ്യം എനിക്ക് ആരോടുമില്ല. അങ്ങനെയുള്ളവരെ ഞാൻ അവഗണിക്കും അതാണ് പതിവ്. എന്റെ ശ്രദ്ധയിലോ മനസിലോ അങ്ങനൊരു വ്യക്തി പിന്നീട് ഉണ്ടാവില്ല. ഉണ്ടാവുകയേയില്ല.
ഒരാൾക്കൂട്ടത്തിലും അവരെ കാണണമെന്ന് ഞാൻ ആഗ്രഹിക്കുകയും ഇല്ല. അവർക്ക് എതിരെ ആഞ്ഞടിക്കാനായി ഇരിക്കാനും എനിക്ക് പറ്റില്ല. അത്തരം വ്യക്തികളെ ഞാൻ പരിപൂർണ്ണമായും അവഗണിക്കും. അങ്ങനെയാണെങ്കിൽ വ്യക്തി ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് പറഞ്ഞ് സിംപതി ക്രിയേറ്റ് ചെയ്യാൻ എനിക്ക് ഇരിക്കാമായിരുന്നല്ലോ. ഒരിടത്തും ഉണ്ടായിട്ടില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. കാരണം എനിക്ക് വ്യക്തിത്വം എന്ന് പറഞ്ഞൊന്നുണ്ട്.
പതിമൂന്ന് വയസ് മുതൽ മലയാള സിനിമയിൽ നിൽക്കുന്ന ഞാൻ എന്താണെന്ന് ആർക്കും അറിയില്ലെങ്കിൽ നിങ്ങൾ തെറ്റിദ്ധരിച്ച് തന്നെ ജീവിച്ചോളൂ. ഞാൻ മുകളിലുള്ള ആളിൽ വിശ്വസിക്കുന്നു. അത്രയേയുള്ളു. അതിനെ കറക്ട് ചെയ്യാനൊന്നും നിൽക്കുന്നില്ല. പിന്നെ പച്ചയായ ഒരു മനുഷ്യ ജീവി എന്നതിൽ കവിഞ്ഞ് സവിശേഷതകൾ നിറഞ്ഞൊരു വിഗ്രഹമായി എന്നെ ആരും കാണണമെന്നും എനിക്ക് വലിയ നിർബന്ധമില്ല.
അങ്ങനെയൊന്നും കാണണ്ട. തെറ്റിദ്ധാരണയുണ്ടെങ്കിൽ എന്നോട് നേരിട്ട് ചോദിച്ചാൽ ആ മറുപടി വേറെയാണ്. അയ്യോ നിങ്ങൾ അങ്ങനെ വിചാരിച്ചുവോ സോറി എന്നൊക്കെ പറയാം. അല്ലാതെ ഒരു മീഡിയയിൽ കയറി ഇരുന്ന് കൊണ്ട് അതെന്താ നിങ്ങൾ ചെയ്തതെന്ന് ചോദിച്ചാൽ അത് കേൾക്കുകയേയില്ല. അത് കേട്ടുകൊണ്ടിരുന്നാൽ എല്ലാത്തിനും ഉത്തരം പറഞ്ഞുകൊണ്ടിരിക്കേണ്ടി വരും.
പോകുന്നവരും വരുന്നവരും എല്ലാം പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത്. വാദത്തിന് പ്രതിവാദമുണ്ടാകില്ല എന്റെ ഭാഗത്ത് നിന്നും. അത് വേണ്ടല്ലോ. രണ്ട് കയ്യും കൂടി മുട്ടിയാൽ അല്ലേ ശബ്ദം വരൂ എന്നുമാണ് ഉർവശി പറഞ്ഞത്.
















