കോഴിക്കോട്: ഒക്ടോബര്‍ 19ന് ദുര്‍ഗാഷ്ടമി ദിനത്തില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് പൊതുഅവധി നല്‍കണമെന്ന് എന്‍ടിയു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി.
ഒക്ടോബര്‍ 18നാണ് ഗ്രന്ഥംവെയ്‌പ്പ്. പൂജയ്‌ക്ക് വെച്ചുകഴിഞ്ഞാല്‍ പുസ്തകങ്ങളും ഗ്രന്ഥങ്ങളും പഠനോപകരണങ്ങളും തൊടരുത് എന്നതാണ് വിശ്വാസം. എന്നാല്‍ ഒക്ടോബര്‍ 19ന് ദുര്‍ഗാഷ്ടമി നാള്‍ പ്രവര്‍ത്തിദിനമായാല്‍ പുസ്തകങ്ങളും പഠനോപകരണങ്ങളും ഉപയോഗിക്കേണ്ടിവരും. ഇത് ഗ്രന്ഥംവെപ്പിന്റെ ഭാഗമായി പാലിക്കുന്ന വിശ്വാസങ്ങളുടെ ലംഘനത്തിന് ഇടയാക്കും. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കുടുംബങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കുന്നതോടൊപ്പം, വിദ്യാലയങ്ങളില്‍ അനാവശ്യമായ ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് 19ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിക്കണം. ഇതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും ടി. അനൂപ് കുമാര്‍ ആവശ്യപ്പെട്ടു.
















