ന്യൂദല്‍ഹി: വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് സുപ്രീംകോടതി. മോട്ടാര്‍വാഹന നിയമപ്രകാരം വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കണമെന്ന് ഉത്തരവുണ്ട്, ഇത് കര്‍ശനമായി നടപ്പാക്കണം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മലയാളിയായ ഡോ. ജ്യോതിദേവ് കേശവദേവ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം.
സീറ്റ് ബെല്‍റ്റ് ധരിക്കുക എന്നത് പേരിന് മാത്രം ചെയ്യേണ്ട നടപടിക്രമമല്ല, ജീവന്‍രക്ഷാ സംവിധാനമാണ്. നിയമം നടപ്പാക്കേണ്ടവര്‍ക്ക് ഇതില്‍ നിന്ന് കണ്ണടച്ചുനില്‍ക്കാനാകില്ല, നിയമം കര്‍ശനമായി നടപ്പാക്കണമെന്നും ചീഫ്ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
2005 മുതല്‍ കര്‍ശന നിയമം നിലവിലുണ്ടെങ്കിലും പിന്‍സീറ്റിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം ഇപ്പോഴും വളരെ കുറവാണെന്ന് അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടി. 2024ലെ വാഹനാപകട മരണങ്ങളില്‍ 80 ശതമാനം പേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. പിന്‍സീറ്റ് യാത്രക്കാരില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നവരുടെ എണ്ണം അഞ്ച് ശതമാനം മാത്രമാണെന്നും അമിക്കസ്‌ക്യൂറി വ്യക്തമാക്കി. നിയമം നിലവിലുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പാക്കുന്നതിലാണ് പ്രധാന വീഴ്ചയെന്ന് പറഞ്ഞ കോടതി സംസ്ഥാനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കാനും ആവശ്യപ്പെട്ടു. സീറ്റ് ബെല്‍റ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ ബോധവത്കരണ പരിപാടികള്‍, നിയമം നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍, നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴയുടെ രേഖകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കണം.
















