Main Article

വീണ്ടെടുക്കാം ആ ആത്മബന്ധം; മലിനമാക്കപ്പെട്ട സമുദ്രത്തിരമാലകളെ നമുക്ക് ഒത്തൊരുമിച്ചു പുനരുജ്ജീവിപ്പിക്കാം

മലിനമാക്കപ്പെട്ട സമുദ്രത്തിരമാലകളെ നമുക്ക് ഒത്തൊരുമിച്ചു പുനരുജ്ജീവിപ്പിക്കാം. ഈ വര്‍ഷത്തെ സമുദ്ര ശുചിത്വ യജ്ഞത്തിന്റെ പ്രത്യേകത അതിന്റെ പങ്കാളിത്തം മാത്രമല്ല, പ്രവര്‍ത്തന രീതി കൂടിയാണ്. സപ്തംബര്‍ 19 വരെയുള്ള ദിവസങ്ങളില്‍ നമ്മുടെ തീരപ്രദേശങ്ങള്‍ സമുദ്ര സംരക്ഷണത്തിന്റെ വലിയൊരു ഉത്സവത്തിന് വേദിയാകും. ഗുജറാത്ത് മുതല്‍ സുന്ദര്‍ബന്‍സ് വരെയും കന്യാകുമാരി മുതല്‍ ആന്‍ഡമാന്‍ വരെയുമുള്ള നമ്മുടെ കടല്‍ത്തീരങ്ങളില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും.

Published by
ഡോ. ജിതേന്ദ്ര സിങ്

ത് കാലവര്‍ഷത്തിനും മായ്ച്ചുകളയാനാവാത്ത ഓര്‍മ്മകള്‍ കടല്‍ സൂക്ഷിക്കുന്നുണ്ട്. പുലര്‍ച്ചെ ഭാരതത്തിന്റെ 11,098 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശത്തുകൂടി നടന്നാല്‍, ഒരുകാലത്ത് മലബാറിലേക്ക് സുഗന്ധവ്യഞ്ജന കപ്പലുകളെയും മന്നാര്‍ ഉള്‍ക്കടലിലേക്ക് മുത്തുവാരുന്നവരെയും കൊണ്ടെത്തിച്ച അതേ ഓളങ്ങളില്‍ നിങ്ങള്‍ക്ക് ആ ഓര്‍മ്മകള്‍ കാണാനാകും: ഭാരതീയരുടെ ജീവിതത്തെയും കച്ചവടത്തെയും ആരാധനകളെയും സ്വപ്‌നങ്ങളെയും രൂപപ്പെടുത്തിയ എക്കാലത്തെയും അടങ്ങാത്ത ആദിമ താളമാണത്. എന്നാല്‍ ഇതേ തീരത്തുകൂടി ഇന്ന് നിങ്ങള്‍ നടക്കുകയാണെങ്കില്‍, മറ്റെന്തോ ഒന്ന് കൂടി ആ തിരമാലകള്‍ തീരത്തേക്ക് കൊണ്ടുവരുന്നത് കാണാം – ഷാംപൂ പാക്കറ്റുകളില്‍ കുരുങ്ങിക്കിടക്കുന്ന കീറിയ മത്സ്യബന്ധന വല, ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് കുപ്പിമൂടിക്ക് മേല്‍ മൂക്കുരസുന്ന കടലാമക്കുഞ്ഞ്, പിതാവിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞതും എന്നാല്‍ മീനുകളേക്കാള്‍ കൂടുതല്‍ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞതുമായ ഒരു മീന്‍പിടുത്തക്കാരന്റെ പ്രഭാത ശേഖരം. പവിഴവും കവടികളും മീന്‍പിടുത്തവും കൊണ്ട് സമ്പത്ത് അളന്നിരുന്ന പുരാതന ഭാരതത്തിനും ഇന്നത്തെ ഭാരതത്തിനും ഇടയില്‍ എവിടെയോ വെച്ച്, മാലിന്യങ്ങളാല്‍ എഴുതപ്പെട്ട ഒരു സന്ദേശം സമുദ്രം നമുക്ക് നല്‍കിത്തുടങ്ങി. ഒടുവില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ നമ്മള്‍ അതിന് മറുപടി പറയാന്‍ തുടങ്ങിയതിന്റെ കഥയാണിത്.

നമ്മുടെ ഭൂപടത്തിന്റെ അതിരിലെന്നപോലെ, നമ്മുടെ സങ്കല്‍പ്പങ്ങളുടെയും അതിരിലായിരുന്നു ഏറെക്കാലം തീരപ്രദേശങ്ങള്‍. മുന്‍പ് സമുദ്ര പരിപാലനം എന്നത് ഭരണപരമായ ഉപവിഷയം മാത്രമായിരുന്നു: വിവിധ വകുപ്പുകളിലായി ചിതറിക്കിടന്നതും, ദൈനംദിന പരിപാലനത്തിനപ്പുറം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതുമായ ഒന്നായിരുന്നു അത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യ
ങ്ങളില്‍ ഭൂരിഭാഗവും പുഴകളിലൂടെയും ഓടകളിലൂടെയും കായലുകളിലേക്കും സമുദ്രത്തിലേയ്‌ക്കും ഒഴുകിയെത്തി. അവ പൂര്‍ണ്ണമായും നശിച്ചുപോകുന്നതിന് പകരം ‘മൈക്രോപ്ലാസ്റ്റിക്’ (അഞ്ച് മില്ലിമീറ്ററില്‍ താഴെ വലിപ്പമുള്ള പ്ലാസ്റ്റിക് കണികകള്‍) ആയി മാറി. മത്സ്യങ്ങള്‍ ഇവയെ ആഹാരമാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയും, അവ നമ്മുടെ ഭക്ഷണമേശയിലെത്തുകയും ഒടുവില്‍ ഭക്ഷ്യ ശൃംഖലയിലൂടെ മനുഷ്യശരീരത്തിലേക്ക് നിശബ്ദമായി പ്രവേശിക്കുകയും ചെയ്യുന്നുവെന്ന് ഇന്ന് നമുക്കറിയാം. ഉപേക്ഷിക്കപ്പെട്ട വലകളില്‍ കുടുങ്ങി കടല്‍ജീവികള്‍ ചത്തൊടുങ്ങി. ലക്ഷക്കണക്കിന് തീരദേശ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായ പവിഴപ്പുറ്റുകളും കണ്ടല്‍ക്കാടുകളും മത്സ്യസമ്പത്തും നിശബ്ദവും അദൃശ്യവുമായ നാശത്തിന് ഇരയാകുന്നു. ഒന്‍പത് സംസ്ഥാനങ്ങളെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളെയും തൊട്ടുരുമ്മി കിടക്കുന്ന വിശാലമായ തീരദേശത്തുടനീളം കണ്ണെത്തുന്നിടത്തെല്ലാം കാണാമായിരുന്നിട്ടും, വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികളിലൊന്നായിരുന്നു ഇത്.

എന്നാല്‍ മാറിയത് വെറുമൊരു നയം മാത്രമല്ല. ശുചിത്വം എന്നത് മറ്റാരുടെയെങ്കിലും ഉത്തരവാദിത്തമായി കാണാന്‍ കഴിയില്ലെന്നും, 2014ല്‍ സ്വച്ഛ് ഭാരത് മിഷന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞതുപോലെ അത് ഒരു ‘ജന ആന്ദോളന്‍’ (ജനകീയ പ്രസ്ഥാനം) ആകണമെന്നും മോദി സര്‍ക്കാര്‍ ബോധപൂര്‍വ്വം എടുത്ത തീരുമാനമായിരുന്നു. പരിസ്ഥിതി സൗഹൃദ ജീവിതശൈലിയെ ഏതെങ്കിലും പ്രത്യേക അവസരങ്ങളിലെ മാത്രം ശീലമല്ല, മറിച്ച് ഓരോ പൗരന്റെയും ദൈനംദിന ശീലമാക്കാന്‍ ആവശ്യപ്പെടുന്ന ആ സാംസ്‌കാരിക വീക്ഷണം ഇന്ന് നമ്മുടെ തെരുവോരങ്ങളില്‍ നിന്ന് കടല്‍ത്തീരങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.

നമ്മുടെ സമുദ്രങ്ങള്‍, അന്തരീക്ഷം, ഭൗമ സംവിധാനങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ ചുമതലയുള്ള മന്ത്രാലയം എന്ന നിലയില്‍ ഞങ്ങള്‍ ഞങ്ങളോട് തന്നെ ലളിതമായ ഒരു ചോദ്യം ഉന്നയിച്ചു: ഭാരതത്തിന് അതിന്റെ നഗരങ്ങള്‍ ശുചീകരിക്കാന്‍ ജനങ്ങളെ അണിനിരത്താമെങ്കില്‍, സമുദ്രങ്ങളുടെ കാര്യത്തിലും എന്തുകൊണ്ട് അത് സാധ്യമാക്കിക്കൂടാ? ആ ചോദ്യത്തിനുള്ള ഉത്തരമാണ് 2022ല്‍ ‘സ്വച്ഛ് സാഗര്‍ സുരക്ഷിത് സാഗര്‍’ എന്ന പേരില്‍ ഉയര്‍ന്നുവന്നത്. ശാസ്ത്രീയ അടിത്തറയുള്ള, ജനകീയ ശക്തിയാല്‍ നയിക്കപ്പെടുന്ന സുസ്ഥിര പ്രസ്ഥാനമായാണ് അത് രൂപകല്‍പ്പന ചെയ്തത്. 1986ല്‍ ആരംഭിച്ചതും ഇന്ന് നൂറിലധികം രാജ്യങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരെ കൈയുറകളും സഞ്ചികളും ദൃഢനിശ്ചയവുമായി തീരങ്ങളിലെത്തിക്കുന്നതുമായ ആഗോള പരിപാടിയായ ‘അന്താരാഷ്‌ട്ര തീരദേശ ശുചീകരണ ദിന’വുമായി (സപ്തംബറിലെ മൂന്നാമത്തെ ശനിയാഴ്ച) ഒത്തുപോകുന്ന തരത്തിലാണ് ഓരോ വര്‍ഷവും ഈ പ്രചാരണം നടക്കുന്നത്.

ഈ പ്രചാരണത്തിന്റെ ചുരുങ്ങിയ കാലത്തെ വളര്‍ച്ച തന്നെ അതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ആദ്യ വര്‍ഷത്തില്‍ ‘സ്വച്ഛ് സാഗര്‍ സുരക്ഷിത് സാഗര്‍’ 75 ദിവസങ്ങളിലായി 75 കേന്ദ്രങ്ങളിലാണ് നടന്നത്. നമ്മുടെ സമുദ്ര ഗവേഷണ സ്ഥാപനങ്ങളുടെ പരിശ്രമത്താലാണ് ഇത് പ്രധാനമായും നടന്നത്. ഇതൊരു തുടക്കം മാത്രമായിരുന്നു. എന്നാല്‍ മറ്റ് മന്ത്രാലയങ്ങളും സീമാ ജാഗരണ്‍ മഞ്ച്, പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധി തുടങ്ങിയ സന്നദ്ധ സംഘടനകളും കൈകോര്‍ത്തതോടെ ഈ ആശയം തീരദേശങ്ങളിലാകെ പടര്‍ന്നു. അതേ വര്‍ഷം തന്നെ ഈ പ്രചാരണം 836 തീരദേശ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഒരു ലക്ഷത്തിലധികം സന്നദ്ധപ്രവര്‍ത്തകരെ അണിനിരത്താനും കഴിഞ്ഞു.

ഈ സപ്തംബറില്‍ ‘സ്വച്ഛ് സാഗര്‍ സുരക്ഷിത് സാഗര്‍ 5.0’ ആരംഭിക്കുമ്പോള്‍ ഈ കൂട്ടായ്‌മ കൂടുതല്‍ ശക്തമായിട്ടുണ്ട്. ഇന്ത്യന്‍ തീര സംരക്ഷണ സേന, നാവികസേന, മറ്റ് പ്രധാന മന്ത്രാലയങ്ങള്‍, എന്‍സിസി, എന്‍എസ്എസ്, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, കമ്പനികള്‍ എന്നിവര്‍ക്ക് പുറമെ കടലിനെ നന്നായി അറിയാവുന്ന മത്സ്യത്തൊഴിലാളി സംഘടനകളും വനിതാ കൂട്ടായ്‌മകളും ഇതില്‍ പങ്കാളികളാകുന്നു. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി ഉള്‍പ്പെടെയുള്ള നമ്മുടെ സ്ഥാപനങ്ങള്‍ ഈ വര്‍ഷം മാത്രം നൂറിലധികം കടല്‍ത്തീരങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ബിസ്ലേരിയെപ്പോലുള്ള പങ്കാളികള്‍ സ്വതന്ത്രമായി മറ്റ് 50 കേന്ദ്രങ്ങളിലും ഈ പ്രവര്‍ത്തനം നടത്തുന്നു. ഒരു ‘ജന ആന്ദോളന്‍’ (ജനകീയ പ്രസ്ഥാനം) പൂര്‍ണ്ണതയിലെത്തുമ്പോള്‍ ഇങ്ങനെയാണ് സംഭവിക്കുന്നത്: ഒരു മന്ത്രാലയം മാത്രമല്ല, രാജ്യം മുഴുവന്‍ ഇതിനായി ഒന്നിക്കുന്നു.

ഈ വര്‍ഷത്തെ പ്രചാരണത്തിന്റെ പ്രത്യേകത അതിന്റെ പങ്കാളിത്തം മാത്രമല്ല, പ്രവര്‍ത്തന രീതി കൂടിയാണ്. സപ്തംബര്‍ 19 വരെയുള്ള ദിവസങ്ങളില്‍ നമ്മുടെ തീരപ്രദേശങ്ങള്‍ സമുദ്ര സംരക്ഷണത്തിന്റെ വലിയൊരു ഉത്സവത്തിന് വേദിയാകും. കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളിലൂടെ ചെറുപ്പക്കാര്‍ പങ്കെടുക്കുന്ന സൈക്കിള്‍ റാലി (സൈക്ലോത്തണ്‍) ഉണ്ടാകും. കടല്‍ത്തീരങ്ങളില്‍ ‘ഫിറ്റ് ഇന്ത്യ’ പ്രഭാത പരിപാടികളും മാരത്തോണും നടക്കും. ലോക ഓസോണ്‍ ദിനത്തില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനം മുകളിലെ അന്തരീക്ഷത്തിന്റേയും താഴെ സമുദ്രത്തിന്റേയും ആരോഗ്യം ഒന്നാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തും. ഗുജറാത്ത് മുതല്‍ സുന്ദര്‍ബന്‍സ് വരെയും കന്യാകുമാരി മുതല്‍ ആന്‍ഡമാന്‍ വരെയുമുള്ള നമ്മുടെ കടല്‍ത്തീരങ്ങളില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. ബഹിരാകാശ സാങ്കേതികവിദ്യകളും നിര്‍മിത ബുദ്ധിയും ശാസ്ത്രീയ അറിവുകളും കുട്ടികളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന മത്സരങ്ങള്‍ അടങ്ങിയ ‘ഓഷ്യന്‍ ഒളിമ്പ്യാഡ്’ സംഘടിപ്പിക്കും. ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍, ‘ബൈക്ക്-ടു-ബീച്ച്’ കാമ്പെയ്ന്‍, ‘ഇക്കോസെല്‍ഫി’ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. സെപ്തംബര്‍ 19ലെ അന്താരാഷ്‌ട്ര തീരദേശ ശുചീകരണ ദിനത്തില്‍ ഈ പ്രചാരണം ഏറ്റവും വലിയ ഒറ്റദിവസത്തെ ശുചീകരണത്തോടെ പൂര്‍ത്തിയാകും. ഇത് ജിയോടാഗ് ചെയ്ത് ഡിജിറ്റലായി ലോഗിന്‍ ചെയ്തിരിക്കുന്നതിനാല്‍ ശേഖരിക്കുന്ന ഓരോ ബാഗ് മാലിന്യവും ഡാറ്റയായി മാറും, കൃത്യമായ കണക്കുകള്‍ അളക്കാനും വരും വര്‍ഷങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സാധിക്കുന്ന ഒരു റെക്കോര്‍ഡ്.

സാങ്കേതികവിദ്യ നിശബ്ദമായി ഈ പ്രസ്ഥാനത്തിന്റെ നട്ടെല്ലായി മാറിയിരിക്കുന്നു: സന്നദ്ധപ്രവര്‍ത്തകര്‍ ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യുന്നു, ശുചീകരണ കേന്ദ്രങ്ങള്‍ തത്സമയം മാപ്പില്‍ അടയാളപ്പെടുത്തുകയും ജിയോടാഗ് ചെയ്യുകയും ചെയ്യുന്നു, കൂടാതെ കഠിനാധ്വാനത്തിലൂടെ വിയര്‍പ്പൊഴുക്കിയ ആ പ്രഭാതത്തെ ഒരു ഉത്തരവാദിത്തമുള്ള പൗരന്റെ അംഗീകൃത പ്രവൃത്തിയായി മാറ്റുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പങ്കാളികള്‍ക്ക് ലഭിക്കുന്നു. വിവരങ്ങളില്‍ പൗരന്മാരെ വിശ്വസിക്കാനും, അതുവഴി അവരോട് ഉത്തരവാദിത്തമുള്ളവരായിരിക്കാനും ഭരണസംവിധാനം തയ്യാറാകുന്നതിന്റെ ഉദാഹരണമാണിത്.

എന്നാല്‍ ഈ പ്രചാരണത്തിലെ ഓരോ കണക്കുകള്‍ക്കും പിന്നില്‍, എന്തുകൊണ്ടാണ് ഈ പ്രവര്‍ത്തനം ഇത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നത് എന്ന് ചിന്തിക്കുമ്പോഴെല്ലാം എന്റെ മനസ്സിലേക്ക് ഓടിയെത്തുന്ന ചില മുഖങ്ങളുണ്ട്. വലയില്‍ കുടുങ്ങിയ മീനുകള്‍ വില്‍ക്കുന്നതിന് മുന്‍പ് മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ ഇപ്പോള്‍ ഒരു മണിക്കൂര്‍ അധികം ചെലവഴിക്കേണ്ടി വരുന്നു എന്ന് പറയുന്ന ഒഡീഷ തീരത്തെ മത്സ്യത്തൊഴിലാളിയാണ് അതിലൊന്ന്. കേരളത്തിലെ ഒരു മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ അമ്മയുടേതാണ് മറ്റൊരു മുഖം; പോളിയോയെക്കുറിച്ചല്ല, മറിച്ച് തന്റെ കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അദൃശ്യമായി എന്തൊക്കെ അടങ്ങിയിട്ടുണ്ടാകാം എന്നതിനെക്കുറിച്ചാണ് അവര്‍ ഇപ്പോള്‍ കൂടുതല്‍ ആശങ്കപ്പെടുന്നത്. വികസിത ഭാരതത്തിന് കരുത്തേകാന്‍ കഴിയുന്ന വ്യാപാരത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും മത്സ്യബന്ധനത്തിന്റെയും ഊര്‍ജ്ജത്തിന്റെയും ചാലകശക്തിയായി സമുദ്രങ്ങളെ കാണുന്ന ‘ബ്ലൂ ഇക്കോണമി’യെക്കുറിച്ച് (സമുദ്ര സമ്പദ്വ്യവസ്ഥ) നമ്മള്‍ സംസാരിക്കുമ്പോള്‍, വാസ്തവത്തില്‍ നമ്മള്‍ സംസാരിക്കുന്നത് അവരുടെ അടുക്കളകളെക്കുറിച്ച് കൂടിയാണ്.

പ്രകൃതിയുമായുള്ള ഭാരതത്തിന്റെ ബന്ധം ഒരിക്കലും കേവലം ഭൗതികമായ ഒന്നായിരുന്നില്ല, മറിച്ച് ആത്മബന്ധമായിരുന്നു എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ ബന്ധത്തെ വലിയൊരു അളവില്‍ വീണ്ടെടുക്കാനുള്ള ശ്രമമാണ് ‘സ്വച്ഛ് സാഗര്‍ സുരക്ഷിത് സാഗര്‍’ ചെയ്യുന്നത് കടല്‍ത്തീരത്ത് നില്‍ക്കുമ്പോള്‍ ഉള്ളില്‍ പുരാതനമായ എന്തോ ഒന്ന് ഉണരുന്നത് അനുഭവിച്ചറിഞ്ഞ ഓരോ പൗരനെയും ആ ബോധത്തിന്റെ സജീവ സംരക്ഷകനാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഭാരതത്തോട് സ്വന്തം തീരപ്രദേശങ്ങളെ സ്നേഹിക്കാന്‍ നമ്മള്‍ പുതുതായി ആവശ്യപ്പെടേണ്ടതില്ല. ആ സ്നേഹം നമ്മുടെ ഉത്സവങ്ങളിലും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പാട്ടുകളിലും, സമുദ്ര തീര്‍ത്ഥാടനങ്ങളിലും എന്നും നിലനിന്നിരുന്നു. ഓരോ കടല്‍ത്തീരത്തെയും ഓരോ പ്ലാസ്റ്റിക് സഞ്ചിയെയും സെപ്തംബറിലെ ഒരു ശനിയാഴ്ചയെയും മുന്‍നിര്‍ത്തി, ആ സ്നേഹത്തെ പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ മാത്രമാണ് ആവശ്യപ്പെടുന്നത് സുരക്ഷിതമായ സമുദ്രങ്ങള്‍ എന്നത് ഒരു നിശ്ചിത കാലത്തെ പ്രചാരണം എന്നതിലുപരി, നമ്മുടെ സ്വാഭാവികമായ ജീവിതശൈലിയായി മാറും വരെ.

Recent Posts