തൊടുപുഴ: അപകടനിലയിലായിരുന്ന 80 വയസ്സുകാരിയായ തോപ്രാംകുടി സ്വദേശിനിയുടെ ഉദരത്തില്‍നിന്ന് 16.8 കിലോഗ്രാം തൂക്കമുള്ള കൂറ്റന്‍ അണ്ഡാശയ ട്യൂമര്‍ തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഡോക്ടര്‍മാര്‍ വിജയകരമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ രേഷ്മ ആര്‍ ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് അതീവ സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ നടന്നത്.
കഴിഞ്ഞ എട്ടുമാസമായി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നെങ്കിലും അവസാനരണ്ടു മാസങ്ങളിലാണ് രോഗാവസ്ഥഅതിവേഗം വഷളായത്. പ്രമേഹവും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും കാരണം ഭാഗികമായി കിടപ്പിലായ രോഗിക്ക് വയറില്‍ അസ്വസ്ഥതകള്‍ രൂക്ഷമായതോടെയാണ് വിദഗ്ധ പരിശോധന നടത്തുന്നത്.
തുടര്‍ന്നാണ് അണ്ഡാശയത്തില്‍ ഭീമന്‍ മുഴയുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ വയോധികയുടെ പ്രായക്കൂടുതലും ഉയര്‍ന്ന പ്രമേഹവും ട്യൂമറിന്റെ ഭീമമായ വലിപ്പവും ഉയര്‍ത്തിയ വലിയ അപകടസാധ്യതകള്‍ കാരണം മറ്റു പല ആശുപത്രികളും ഈ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിലെത്തി മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.ഷെബിനെ കാണുകയും, അദ്ദേഹം രോഗിയെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.രേഷ്മയ്‌ക്ക് റഫര്‍ ചെയ്യുകയായിരുന്നു.
സര്‍ജിക്കല്‍ ഓങ്കോളജി ടീമിലെ ഡോ.രേഷ്മ ആര്‍ ബാലചന്ദ്രന്‍, ഡോ അജീഷ്, എന്നിവര്‍ ശേസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കി. അനസ്‌തെഷ്യ വിഭാഗം മേധാവിഡോ ഗോപകുമാര്‍ ജി, നഴ്‌സിംഗ് സ്റ്റാഫുകളായ ആഷ, ഗൗരി എന്നിവരുടെ പങ്കാളിത്തത്തോടെ ദൗത്യം പൂര്‍ത്തിയാക്കി. ശസ്ത്രക്രിയയ്‌ക്ക് ശേഷം ക്രിട്ടിക്കല്‍കെയര്‍ വിദഗ്ധരായ ഡോ.ശങ്കര്‍, ഡോ.
ദേവസ്സി കുഞ്ഞു, കാര്‍ഡിയോളജിസ്റ്റ് ഡോ.പ്രവീണ്‍ ചാക്കോ എന്നിവരുടെ പരിചരണത്തില്‍ ഐസിയുവില്‍ സുഖം പ്രാപിച്ചു വരുന്ന രോഗിയെ നിലവില്‍ മുറിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആശുപ്രതി അധികൃതര്‍ അറിയിച്ചു.
















