പ്രമേഹ രോഗമുള്ള ഏതൊരാളും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതായിരിക്കും ‘പ്രമേഹം പ്രശ്‌നമല്ല’ എന്നൊരു വാക്യം. ഇങ്ങനെ പറയുന്നത് പ്രമേഹ രോഗത്തിന് ചികിത്സിക്കുന്ന ഒരു ഡോക്ടറാണെങ്കിലോ, തീര്‍ച്ചയായും അത് ഈ രോഗം ബാധിച്ചയാളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും, അയാള്‍ക്ക് വലിയതോതില്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യും.
ഭാരതത്തിലും വിദേശരാജ്യങ്ങളിലും മൂന്നു പതിറ്റാണ്ടായി പ്രമേഹരോഗ ചികിത്സ നടത്തുന്ന ഡോ. ഉഷാ മേനോന്‍ വി. എഴുതിയിട്ടുള്ള പുസ്തകത്തിന്റെ പേര് തന്നെ ഇതാണ്. പ്രമേഹം പ്രശ്‌നമല്ല. കാല്‍ നൂറ്റാണ്ടായി എറണാകുളം അമൃത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എന്റോക്രൈനോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഉഷാമേനോന്റെ ഈ പുസ്തകം പ്രമേഹ രോഗികള്‍ക്ക് ഒരു ഹാന്‍ഡ് ബുക്കായി ഉപയോഗിക്കാം.
വര്‍ഷങ്ങളായി പ്രമേഹ ബാധിതരാണെങ്കിലും പലര്‍ക്കും ഈ രോഗത്തെക്കുറിച്ച് ധാരണകളെക്കാള്‍ തെറ്റിദ്ധാരണകളായിരിക്കും ഉണ്ടാവുക. ആഹാര നിയന്ത്രണത്തെക്കുറിച്ചും ചികിത്സാ രീതിയെക്കുറിച്ചും ആശയക്കുഴപ്പങ്ങളും സംശയങ്ങളും വിട്ടുമാറുകയുമില്ല. ഇത്തരക്കാര്‍ക്ക് ഒരു അനുഗ്രഹമാണ് പുസ്തകം.
പ്രമേഹം എന്ന രോഗത്തെക്കുറിച്ചും ചികിത്സ രീതികളെക്കുറിച്ചും വൈദ്യശാസ്ത്രത്തിന്റെ സങ്കീര്‍ണമായ ഭാഷയില്‍ എഴുതുകയല്ല ഡോ. ഉഷാ മേനോന്‍. ദിനംപ്രതി കാണുകയും കേള്‍ക്കുകയും ഇടപെടുകയും ചെയ്യുന്ന രോഗികള്‍, സമൂഹത്തിലെ പലരുടെയും സംശയങ്ങളും വേവലാതികളും തെറ്റിദ്ധാരണകളും അവയ്‌ക്കുള്ള മറുപടികളും ശങ്കരന്‍, തങ്കമ്മ, ഡോക്ടര്‍ എന്നീ മൂന്ന് സങ്കല്‍പ്പിക കഥാപാത്രങ്ങളിലൂടെയും, അവരെ ചുറ്റിപ്പറ്റിയുള്ള രോഗികളിലൂടെയും അവതരിപ്പിക്കുകയാണ് ഡോക്ടര്‍ ഈ പുസ്തകത്തില്‍ ചെയ്യുന്നത്.
പ്രമേഹ രോഗബാധിതനായ ഒരാള്‍ക്ക് അതിനെ നേരിടാന്‍ ഏറ്റവും ആവശ്യമായ ആയുധം അതിനെക്കുറിച്ചുള്ള അറിവാണെന്ന് അമേരിക്കയിലെ പ്രമുഖ പ്രമേഹ രോഗ വിദഗ്ധനായിരുന്ന പ്രൊഫ.ജോസ്ലിന്‍ പറഞ്ഞിട്ടുള്ളതാണ് ഈ പുസ്തകത്തിന്റെ രചനാരീതിയെ നിര്‍ണയിച്ചിട്ടുള്ളത്.
പ്രമേഹം വരുന്നത് മധുരം അധികമായി കഴിച്ചതുകൊണ്ടാ ണെന്ന അറിവു മാത്രമാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ പ്രമേഹം എങ്ങനെയൊക്കെ വരുന്നു, എന്തൊക്കെ യാണ് ലക്ഷണങ്ങള്‍, പ്രമേഹത്തില്‍ നിന്ന് ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍, ശരീരത്തിലെ അവയവങ്ങളെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്, പ്രമേഹത്തിന്റെ മരുന്നുകള്‍, ചികിത്സാരീതികള്‍, ഭക്ഷണക്രമങ്ങള്‍ എന്നിങ്ങനെ പ്രമേഹത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ പുസ്തകത്തിലുണ്ടന്ന് ഒട്ടും അതിശയോക്തിയില്ലാതെ പറയാം.
അവതാരിക എഴുതിയിട്ടുള്ള ഡോ. ആനന്ദ് കുമാര്‍ പുസ്തകത്തിന്റെ മേന്മയായി ഇക്കാര്യം ആധികാരികമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്. ”പ്രമേഹവും അതിന്റെ സങ്കീര്‍ണതകളും, അമിതവണ്ണം, വീഴ്ചകള്‍, വിഷാദം, നാശം വിളിച്ചുവരുത്തുന്ന ജീവിത ശൈലി, ഭക്ഷണക്രമങ്ങള്‍, പല്ലുകളുടെ ആരോഗ്യം, വ്യായാമം, രോഗപ്രതിരോധം, നിദ്രാരോഗങ്ങള്‍, പ്രസവകാല ശുശ്രൂഷ, അസ്ഥി സാന്ദ്രത, തലകറക്കം, സന്ധി രോഗങ്ങള്‍, ഹൃദയാഘാതം, കാഴ്ചക്കുറവ് എന്നിങ്ങനെ പോകുന്നു നീണ്ട പട്ടിക. എന്നാല്‍ ഒരു തരിമ്പു പോലും വിരസയില്ലാതെയാണ് ഇതെല്ലാം പ്രതിപാദിച്ചിരിക്കുന്നത്.”
ടൈപ്പ് 1, ടൈപ്പ് 2, ഗര്‍ഭകാലം പ്രമേഹം, പാന്‍ക്രിയാറ്റിക് പ്രമേഹം, ലാഡ, മൊഡി എന്നിങ്ങങ്ങനെ പ്രമേഹം പലതുണ്ട്. സ്ഥിരമായി പറഞ്ഞുകേള്‍ക്കുന്ന ടൈപ്പ് 1, ടൈപ്പ് 2 എന്നിവ എന്താണെന്ന് ശങ്കരേട്ടന്റെ ചോദ്യത്തിന് മറുപടിയായി ഡോക്ടര്‍ പറഞ്ഞുകൊടുക്കുന്നത് നോക്കുക: ”ഓഹോ, അപ്പോള്‍ ഞങ്ങള്‍ക്ക് വന്നത് ഒന്നാംതരമാണോ രണ്ടാംതരമാണോ? ശങ്കരന്‍ അല്‍പ്പം കൗതുകത്തോടെ ചോദിച്ചു.
”അതു കൊള്ളാം ശങ്കരേട്ടാ, നല്ല പേരുകള്‍. പക്ഷേ നിങ്ങള്‍ക്കുള്ള പ്രമേഹം ഒന്നാന്തരം അല്ല. ഇത് രണ്ടാംതരമാണ് ട്ടോ…” ശങ്കരന്റെ മലയാളീകരണം കേട്ട് ഡോക്ടര്‍ക്ക് പെട്ടെന്ന് ചിരി വന്നു.
”ഓ അത് ശരി രണ്ടാന്തരം ആണല്ലേ” ശങ്കരന്‍ അല്‍പ്പം നിരാശയോടെ തലയാട്ടി.
”അതില്‍ വിഷമിക്കേണ്ട ശങ്കരേട്ടാ, ഇതാണ് ലോകത്തിലെ 90% പ്രമേഹബാധിതര്‍ക്കും ഉള്ളത്. ലോകത്ത് 11 ല്‍ ഒരാള്‍ക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്‍സുലിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന തകരാറുകള്‍, തടസ്സങ്ങള്‍ എന്നിവയും, അവയെ അതിജീവിക്കാന്‍ വേണ്ടത്ര അളവ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തിന് പറ്റാതാവുകയും ചെയ്യുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത്തരം പ്രമേഹം സാധാരണയായി പ്രായക്കൂടുതലുള്ളവര്‍, വണ്ണം കൂടിയവര്‍, അലസജീവിതം നയിക്കുന്നവര്‍, പ്രമേഹ പാരമ്പര്യമുള്ളവര്‍ എന്നിവര്‍ക്കാണ് ഉണ്ടാവുക. ഇവര്‍ക്ക് ആദ്യമൊക്കെ പലതരം ഗുളികകള്‍ കഴിച്ച് ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ പറ്റും” ഡോക്ടര്‍ പറഞ്ഞു.
”അപ്പോള്‍ ഒന്നാന്തരം, അത് ആര്‍ക്കാണ് ഉണ്ടാവുക.” ശങ്കരന് അത് അറിയാന്‍ തിടുക്കമായി.
”ടൈപ്പ് വണ്‍ അഥവാ ഇന്‍സുലിന്‍ ആശ്രിത പ്രമേഹം സാധാരണയായി കുട്ടികളിലും ചെറുപ്പക്കാരിലുമാണ് കാണുക. ഇതില്‍ ഇന്‍സുലിന്‍ ഉണ്ടാക്കുന്ന കോശങ്ങളെ ശത്രുവാണെന്ന് തെറ്റിദ്ധരിച്ച് നമ്മുടെ ശരീരം തന്നെ ആക്രമിച്ച് നശിപ്പിക്കുന്നതിനാല്‍ ഇന്‍സുലിന്‍ തീരെ ഇല്ലാതാകുന്നു. ഇവര്‍ക്ക് തുടക്കം മുതല്‍ ജീവിതകാലം മുഴുവന്‍ ദിവസേന പലതവണ ഇന്‍സുലിന്‍ കുത്തിവെപ്പ് ആയി എടുത്താല്‍ മാത്രമേ ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ സാധിക്കൂ.” ഡോക്ടറുടെ വാക്കുകള്‍ കേട്ട് ശങ്കരന്‍ അന്തം വിട്ടിരുന്നു.
”അയ്യയ്യോ, നമുക്ക് രണ്ടാംതരമായത് നന്നായി അല്ലേ തങ്കമ്മേ?” ശങ്കരന്‍ ആശ്വാസത്തോടെ പറഞ്ഞു.’
ഇതാണ് പുസ്തകത്തില്‍ ഉടനീളം സ്വീകരിച്ചിട്ടുള്ള രചനാരീതി. വൈദ്യശാസ്ത്ര സംബന്ധമായ പുസ്തകരചന പൊതുവെ സാങ്കേതിക പദാവലികള്‍ നിറഞ്ഞതായിരിക്കും. ഇത് വായന വിരസമാക്കും. ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായി മനോഹരമായ രചന രീതിയാണ് ഈ പുസ്തകത്തിലേത്. ഏത് വായനക്കാരെയും ആകര്‍ഷിക്കും. ചികിത്സയിലൂടെയും മറ്റു വഴികളിലൂടെയും എങ്ങനെയൊക്കെ പ്രമേഹത്തെ നേരിടാമെന്ന് ഓരോ വായനക്കാരനെയും ഈ പുസ്തകം പഠിപ്പിക്കുന്നു. എന്നു മാത്രമല്ല, ഈ രോഗം വരാതിരിക്കാന്‍ നിത്യജീവിതത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമെന്ന് ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. പ്രമേഹം ഒരൊറ്റ രോഗമായി ഒതുങ്ങി നില്‍ക്കുന്നില്ല എന്ന വിലപ്പെട്ട പാഠവും ഈ പുസ്തകം നല്‍കുന്നു. പ്രമേഹം ബാധിച്ചവര്‍ പലപ്പോഴും വളരെ കഴിഞ്ഞാവും അത് തിരിച്ചറിയുക. അപ്പോഴേക്കും രോഗബാധ പല ഘട്ടങ്ങള്‍ പിന്നിട്ടിരിക്കും. പ്രമേഹ ബാധിതര്‍ ഈ രോഗത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിത്തിലായിരിക്കും. ഇത് തിരിച്ചറിയാനും, ഡോക്ടറെ സമീപിച്ച് ചികിത്സ തേടാനും നില വഷളാകാതിരിക്കാനും ഈ പുസ്തകം സഹായിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സ്വന്തം ശരീര ത്തെ വിടാതെ പിടികൂടിയിരിക്കുന്ന പ്രമേഹം എന്ന തെമ്മാടിയെ എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഈ പുസ്തകം രോഗിയെ പരിശീലിപ്പിക്കുന്നു.
മനുഷ്യനെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും, അവയുടെ ചികിത്സയ്‌ക്കും മാനസികാവസ്ഥ ഒരു പ്രധാന ഘടകമാണല്ലോ. ചികിത്സ ഫലപ്രദമാവണമെന്നുണ്ടെങ്കില്‍ മാനസികാവസ്ഥയിലും മാറ്റം വരണം. പ്രമേഹം എന്ന രോഗത്തെ ഭയംകൂടാതെ സമീപിക്കാനും, ചികിത്സയിലൂടെ ആരോഗ്യം നിലനിര്‍ത്താനും ഈ പുസ്തകം സഹായിക്കുന്നു. ഒരര്‍ത്ഥത്തില്‍ വായന ഔഷധമായി മാറുന്ന അനുഭവമാണ് ‘പ്രമേഹം പ്രശ്‌നമല്ല’ എന്ന പുസ്തകം സമ്മാനിക്കുന്നത്. പ്രമേഹ രോഗികള്‍ക്ക് മാത്രമല്ല, ആരോഗ്യം പരിപാലിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം ഒരു അനുഗ്രഹമാണ്. പ്രമേഹ രോഗികള്‍ക്കാണെങ്കില്‍ ഇങ്ങനെയൊരു പുസ്തകം വീട്ടിലുണ്ടായിരിക്കുന്നത് അളവറ്റ വൈകാരിക സുരക്ഷിതത്വം നല്‍കും.
പ്രമേഹം പ്രശ്‌നമല്ല
ഡോ. ഉഷാമേനോന്‍ വി.
ഗ്രീന്‍ ബുക്‌സ്
പേജ്: 248
വില: 350/-
ഫോണ്‍: 8281936038
















