Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

Published by
അഡ്വ. കെ.പി. വേണുഗോപാല്‍

രദ്വാജന്‍ എന്ന മുനിയുടെ പുത്രനായിരുന്നു ദ്രോണന്‍. അഗ്നിവേശന്റെ ഗുരുകുലത്തിലായിരുന്നു ദ്രോണന്റെ വിദ്യാഭ്യാസം. പാഞ്ചാല രാജാവായ പൃഷതന്റെ മകന്‍ ദ്രുപദന്‍ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. സഹപാഠി മാത്രമല്ല ദ്രോണന്റെ ആത്മമിത്രംകൂടിയായിരുന്നു ദ്രുപദന്‍. ദ്രുപദനേക്കാള്‍ ധൈഷണിക പ്രഭാവം ദ്രോണര്‍ക്കായിരുന്നു. പലപ്പോഴും പഠനത്തിലും ദ്രോണര്‍ ദ്രുപദനെ സഹായിച്ചിരുന്നു.

ഗുരുകുലത്തിലെ ദര്‍ഭപുല്‍പായയില്‍ ഉറങ്ങാതെകിടന്ന ഒരു രാത്രിയില്‍ ദ്രുപദന്‍ തന്റെ പ്രിയസുഹൃത്തായ ദ്രോണര്‍ക്ക് ഒരു വാഗ്ദാനം നല്‍കി. ‘ഞാന്‍ രാജാവാകുമ്പോള്‍ നിന്റെ ദാരിദ്ര്യം മാറ്റിത്തരും. കൂടാതെ പാഞ്ചാല രാജ്യത്തിന്റെ പകുതിയുടെ രാജാവായി നിന്നെ അഭിഷേകവും ചെയ്യും.’ സുഹൃത്തിന് ദ്രുപദന്‍ നല്‍കിയത് സ്വപ്‌നതുല്യമായ വാഗ്ദാനമായിരുന്നു. ദ്രോണര്‍ക്ക് ഇത് വലിയ സന്തോഷം നല്‍കി. പകുതിരാജ്യം തനിക്ക് വേണമെന്നോ വേണ്ടന്നോ പറയാതെ ദ്രോണര്‍ നിശ്ശബ്ദത പാലിച്ചു.

വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ തന്റെ ദരിദ്രമായ ഗൃഹത്തിലേക്ക് ദ്രോണന്‍ മടങ്ങി. വിവാഹത്തിന് സമയമായപ്പോള്‍ കൃപന്റെ സഹോദരിയായ കൃപിയെ വിവാഹം കഴിച്ചു. കൃപി ബ്രാഹ്‌മണ ഗൃഹങ്ങളില്‍ പോയി ഭിക്ഷയെടുത്താണ് ദൈനംദിന ജീവിതാവശ്യങ്ങള്‍ നിറവേറ്റിയത്.

ലോകത്തിലെ ഏതു രാജാവിനേയും കീഴടക്കാന്‍ കഴിയുന്ന അസ്ത്രപ്രയോഗ വൈദഗ്ധ്യവും വ്യൂഹസംവിധാന ശേഷിയും സൈനിക വിന്യാസ ശേഷിയും വിജയകരമായി പഠിച്ചുപൂര്‍ത്തിയാക്കിയിരുന്ന ആളായിരുന്നു ദ്രോണന്‍. തനിക്ക് സ്വന്തമായി ധനം സമ്പാദിക്കുന്നതിനോ തന്റെ ദാരിദ്ര്യം മാറ്റുന്നതിനോ ഈ അപൂര്‍വ്വമായ ആയുധവിദ്യകളെ വിനിയോഗിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ അതുല്യമായ മഹത്വം. അത് സമാദരണീയമായൊരു മഹത്വമാണ്. എല്ലാവരാലും അധിക്ഷേപിക്കപ്പെടുന്ന തരത്തിലുള്ള ദാരിദ്ര്യത്തിന്റെ ഗര്‍ത്തത്തില്‍ കിടന്ന് പിടയുമ്പോഴും ധനസമ്പാദനത്തിനുവേണ്ടി തന്റെ ആയുധങ്ങളില്‍ ഒന്നില്‍പ്പോലും അദ്ദേഹം കൈവച്ചില്ല. ഇത് അസാധാരണമായ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ തെളിവാണ്.

അങ്ങനെയിരിക്കെ പരശുരാമന്‍ തന്റെ സ്വത്തുക്കളെല്ലാം ചോദിക്കുന്നവര്‍ക്ക് ദാനം ചെയ്ത് ഹിമാലയത്തിലേക്ക് തപസ്സിനുപോകുന്ന വിവരം ദ്രോണന്‍ അറിഞ്ഞു. തന്റെ ദാരിദ്ര്യത്തിന് അറുതിവരുമെന്ന പ്രതീക്ഷയോടെ പരശുരാമനെകാണാന്‍ അദ്ദേഹം തീരുമാനിച്ചു. ദ്രോണന്‍ പരശുരാമന്റെ സന്നിധിയില്‍ എത്തുമ്പോഴേക്കും തന്റെ സമ്പത്തെല്ലാം പരശുരാമന്‍ മറ്റുള്ളവര്‍ക്കായി നല്‍കികഴിഞ്ഞിരുന്നു. ദ്രോണരെ കാണുമ്പോള്‍ തെല്ലൊരു ഖേദത്തോടെ പരശുരാമന്‍ പറഞ്ഞു. ‘ഭൗതിക സമ്പത്തൊന്നും ഇനി എന്റെ കൈവശം ബാക്കിയില്ല. ഇനി ബാക്കിയുള്ളത് ഞാന്‍ പഠിച്ച വിദ്യയും എന്റെ ആത്മാവും എന്റെ ശരീരവും മാത്രമാണ്. ഇതില്‍ ഏതുവേണമെങ്കിലും നിനക്ക് എടുക്കാം.’ എനിക്ക് വിദ്യകള്‍ മതി എന്നായിരുന്നു ദ്രോണരുടെ മറുപടി.

ധനുര്‍വേദ ഉപാസകനായിരുന്നു ദ്രോണന്‍. ഇനിയും ധനുര്‍വേദത്തില്‍ അഭ്യസിക്കാതിരുന്ന ഉപരിവിദ്യകള്‍ ആവാഹിച്ച് പരശുരാമന്‍ ദ്രോണര്‍ക്ക് കൊടുത്തു. ധനം മോഹിച്ച് പരശുരാമസന്നിധിയിലേക്ക് പോയ ദ്രോണര്‍ക്ക് തനിക്ക് നേരിട്ട് ഉപയോഗമില്ലാതിരുന്ന ആയുധവിദ്യയുമായി മടങ്ങേണ്ടിവന്നു.

കൊടിയ ദാരിദ്ര്യത്തിന്റെ ദുരിതത്തിലായിരുന്നു ദ്രോണനും കുടുംബവും. ദാരിദ്ര്യത്തിന്റെ ഭീകരതയെ കലാമനോജ്ഞമായി വ്യാസന്‍ ഇവിടെ ആവിഷ്‌കരിച്ചിരിക്കുന്നു. കൗമാരപ്രായത്തിലേക്ക് കടക്കാനൊരുങ്ങുന്ന ഒരു ബാലന്‍ അതുവരെ പാലുപോലും കണ്ടിട്ടില്ലെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിക്കൊണ്ടാണ് ഈ ദുഃഖത്തിന്റെ തീവ്രതയെ വ്യാസന്‍ ഇവിടെ അനാവരണം ചെയ്യുന്നത്.

ഒരിക്കല്‍ ദ്രോണന്റെ പുത്രനായ അശ്വത്ഥാമാവ് തന്റെ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയില്‍ അവര്‍ പാലു കുടിക്കുന്നത് കാണാനിടയായി. എന്താണ് കുടിക്കുന്നതെന്ന അശ്വത്ഥാമാവിന്റെ അന്വേഷണത്തിന് ‘പാല്’ എന്നായിരുന്നു അവരുടെ മറുപടി. അശ്വത്ഥാമാവ് അതുവരെ പാല് കണ്ടിട്ടില്ലായിരുന്നു. കളിയെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയ അശ്വത്ഥാമാവ് അമ്മയോട് പാല് ആവശ്യപ്പെട്ടു. അവരുടെ കുടുംബത്തിന് അന്നത്തെ സാഹചര്യത്തില്‍ പാലുകിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ അമ്മ മകനെ അറിയിച്ചു.

പിറ്റേദിവസം കൂട്ടുകാരോടൊപ്പം കളിക്കവെ തനിക്കും കുറച്ച് പാല്‍ തരാമോ എന്ന് അശ്വത്ഥാമാവ് ചോദിച്ചു. കൂട്ടുകാര്‍ പരസ്പരം നോക്കി പരിഹാസത്തോടെ ചിരിച്ചു. പിറ്റേന്ന് അരിമാവ് കലക്കിയ വെള്ളം പാലാണെന്ന വ്യാജേന അവര്‍ അശ്വത്ഥാമാവിന് നല്‍കി. ഇത് കുടിച്ച ബാലന്‍ അത് പാലാണെന്ന് ധരിച്ച് ഏറെ സന്തോഷിച്ചു. താന്‍ പാലുകുടിച്ചു എന്ന സന്തോഷവാര്‍ത്ത ആ ബാലന്‍ വീട്ടിലും അറിയിച്ചു. താന്‍ കുടിച്ച പാലിന്റെ കുറച്ച് ബാക്കിയും അവന്‍ വീട്ടിലെത്തിച്ചു. ഇതു കണ്ട് അമ്മയും അച്ഛനും സത്യം മനസ്സിലാക്കി. അവരുടെ മനസ്സ് ദുഃഖംകൊണ്ട് നീറി. തന്റെ മകന്‍ അവന്റെ കൂട്ടുകാരാല്‍ ക്രൂരമായി കബളിപ്പിക്കപ്പെട്ടതറിഞ്ഞ് ദ്രോണന്‍ കരഞ്ഞു. ദാരിദ്ര്യത്തിന്റെ അത്യന്തം ഭയാനകമായൊരവസ്ഥയെയാണ് വ്യാസന്‍ ഇവിടെ വര്‍ണ്ണിച്ചിരിക്കുന്നത്.

ഒരിക്കലും ദാരിദ്ര്യത്തിന്റെ പേരില്‍ ഭര്‍ത്താവായ ദ്രോണനെ കുറ്റപ്പെടുത്താതിരുന്ന സഹധര്‍മ്മിണിയായിരുന്നു കൃപി. അന്നുവരെ ഒരാവശ്യംപോലും അവര്‍ ഭര്‍ത്താവിന് മുമ്പാകെ ഉന്നയിച്ചിരുന്നില്ല. പാലിന്റെ പേരില്‍ തന്റെ മകന്‍ കബളിപ്പിക്കപ്പെട്ടത് അമ്മക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. അവള്‍ ദ്രോണനോട് ഒരു കാര്യം പറഞ്ഞു. എപ്പോഴും അങ്ങ് പറയാറുണ്ടല്ലോ രാജാവായ ഒരു സുഹൃത്ത് അങ്ങേക്കുണ്ടെന്ന്. നമ്മുടെ ദാരിദ്ര്യത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞ് അതിന് പരിഹാരം കണ്ടുകൂടെയെന്നായിരുന്നു കൃപിയുടെ നിര്‍ദേശം. ഈ നിര്‍ദേശം ദ്രോണന് സ്വീകാര്യമായി. ദീര്‍ഘകാലത്തിനുശേഷം തന്റെ സുഹൃത്തിനെ കാണാന്‍ തീരുമാനിച്ച ദ്രോണന്‍ കൃപിയോടും അശ്വത്ഥാമാവിനോടുമൊപ്പം ദ്രുപദന്റെ കൊട്ടാരത്തിലെത്തി. ഗോപുരവാതുക്കല്‍ നിന്ന് അനുവാദം വാങ്ങി അദ്ദേഹം തന്റെ പഴയ സതീര്‍ത്ഥ്യനെ കണ്ടു. പഴയ സുഹൃത്തിനെ തിരിച്ചറിഞ്ഞെങ്കിലും ദ്രുപദന്‍ അത് പുറമെ കാണിച്ചില്ല. പണ്ട് നമ്മള്‍ വിദ്യാഭ്യാസത്തിനായി അഗ്നിവേശന്റെ ആശ്രമത്തില്‍ താമസിച്ച് ഉത്തമസുഹൃത്തുക്കളായി കഴിഞ്ഞതും, ഒരേ ദര്‍ഭപുല്‍പ്പായയില്‍ കിടന്നുറങ്ങിയതുമെല്ലാം ദ്രോണന്‍ ദ്രുപദനെ ഓര്‍മ്മിപ്പിച്ചു. ദ്രോണന്‍ പറഞ്ഞതൊന്നും കേട്ടതായിപ്പോലും ഭാവിക്കാതെ താങ്കള്‍ വന്നതിന്റെ ആവശ്യം പറയൂ എന്നായിരുന്നു ദ്രുപദന്റെ ഒട്ടും ഹിതകരമല്ലാത്ത മറുപടി.

വീണ്ടും തങ്ങളുടെ സൗഹൃദം ഓര്‍മ്മിപ്പിച്ചുകൊണ്ട് തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം അഭ്യര്‍ത്ഥിച്ച ദ്രോണനോട് നിഷേധാത്മകമായിരുന്നു ദ്രുപദന്റെ സമീപനം. രാജാവിന്റെ സുഹൃത്ത് രാജാവ് മാത്രമാണെന്നും, ദരിദ്രന്റെ സുഹൃത്ത് ദരിദ്രന്‍ മാത്രമാണെന്നുമുള്ള ദ്രുപദന്റെ മറുപടി ദ്രോണര്‍ക്ക് മാരകമായൊരു ആഘാതമായി. ഭക്ഷണശാലയില്‍പ്പോയി ആഹാരം കഴിച്ച് മടങ്ങിപൊയ്‌ക്കൊള്ളാനുള്ള ദ്രുപദന്റെ നിര്‍ദേശം കേള്‍ക്കാതെ വിങ്ങുന്ന ഹൃദയവുമായി ദ്രോണന്‍ കൊട്ടാരത്തില്‍നിന്നും മടങ്ങി.

മഹാഭാരതകഥയിലെ സുപ്രധാനമായൊരു സന്ദര്‍ഭമായിരുന്നു പാണ്ഡവരുടേയും കൗരവരുടേയും ഗുരുവായി ദ്രോണന്‍ ഹസ്തിനപുരിയിലെത്തുന്നത്. ദ്രോണന്റെ മഹത്വം മനസ്സിലാക്കിയിട്ടുള്ള ഭീഷ്മരാണ് ഈ പദവിയിലേക്ക് ദ്രോണനെ നിയമിച്ചത്. ഒന്നാം ദിവസത്തെ അദ്ധ്യയനം തുടങ്ങുന്നതിനുമുമ്പ് തന്റെ നൂറ്റി അഞ്ച് ശിഷ്യന്മാരെയും മാറി മാറി നോക്കിക്കൊണ്ട് അദ്ദേഹം അവരെ അഭിസംബോധന ചെയ്തു. വിദ്യാഭ്യാസത്തിന്റെ പരിപൂര്‍ത്തി ആകുമ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഒരു സേവനം അവര്‍ ചെയ്തുകൊടുക്കണമെന്ന് മഹാനായ ഈ ഗുരുനാഥന്‍ ആവശ്യപ്പെട്ടു. വേദപഠനം, ആയുധാഭ്യാസം, മറ്റ് ശാസ്ത്രങ്ങള്‍ ഇവയെല്ലാം പഠിച്ച് അരങ്ങേറ്റം കഴിഞ്ഞാലുടനെ പാഞ്ചാലരാജ്യം ആക്രമിച്ച് കീഴടക്കി ദ്രുപദ രാജാവിനെ തന്റെ മുന്‍പില്‍ എത്തിക്കണം എന്നതായിരുന്നു ദ്രോണന്‍ ആവശ്യപ്പെട്ട സേവനം. നൂറ്റി അഞ്ച് പേരുടെയും ഇടയില്‍ സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയായിരുന്നു. ഇത്തരമൊരു ആവശ്യം എന്തുകൊണ്ടാണ് ഗുരുനാഥന്‍ ആവശ്യപ്പെട്ടത് എന്ന ജിജ്ഞാസയായിരുന്നു എല്ലാവര്‍ക്കും. നിശബ്ദതയെ ഭജ്ഞിച്ചുകൊണ്ട് ഇത് ഞാന്‍ അങ്ങേക്ക് ഗുരുദക്ഷിണയായി സമര്‍പ്പിക്കുമെന്ന് അര്‍ജുനന്‍ പ്രഖ്യാപിച്ചു. അര്‍ജുനന്‍ ഇതു പറഞ്ഞതോടെ ബാക്കി നൂറ്റിനാലുപേരും അത് ആവര്‍ത്തിച്ചു.

നൂറ്റി അഞ്ചുപേരുടേയും അദ്ധ്യയനം പൂര്‍ത്തിയായി അരങ്ങേറ്റം കഴിഞ്ഞതോടെ ദ്രോണന്‍ ആവശ്യപ്പെട്ടിരുന്ന ഗുരുദക്ഷിണയ്‌ക്കുള്ള സമയം സമാഗതമായി. പാഞ്ചാല രാജാവിനെ യുദ്ധത്തില്‍ കീഴ്‌പ്പെടുത്താനുള്ള ദൗത്യവുമായി കൗരവരും പാണ്ഡവരും പാഞ്ചാലദേശത്തേക്ക് പുറപ്പെട്ടു. കൗരവര്‍ക്കൊപ്പം കര്‍ണ്ണനും ഉണ്ടായിരുന്നു. ദുര്യോധനനും കര്‍ണ്ണനും ആയിരുന്നു അവരുടെ നായകര്‍. ദ്രുപദനുമായി ആദ്യം യുദ്ധത്തിനിറങ്ങിയ കൗരവര്‍ക്ക് അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പാണ്ഡവരുടെ ഊഴമായിരുന്നു. പാഞ്ചാലരാജാവിനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി ബന്ധനസ്ഥനാക്കാന്‍ അര്‍ജുനന് കഴിഞ്ഞു. ബന്ധനസ്ഥനായ പാഞ്ചാലരാജാവിനെ ഗുരുനാഥന് മുമ്പില്‍ അര്‍ജുനന്‍ ഹാജരാക്കി. അഗ്നിവേശന്റെ ആശ്രമത്തില്‍ നാം സുഹൃത്തുക്കളും സഹപാഠികളുമായിരുന്നത് അങ്ങ് ഓര്‍ക്കുന്നുണ്ടോയെന്നതായിരുന്നു ഒരു ചെറുപുഞ്ചിരിയോടുള്ള ദ്രോണന്റെ ചോദ്യം. ഇപ്പോള്‍ രാജാവല്ലാത്ത അങ്ങ് എന്റെ സുഹൃത്താകുന്നതിന് എനിക്ക് സമ്മതമാണെന്നും ദ്രോണന്‍ ദ്രുപദനെ അറിയിച്ചു. ‘ഞാന്‍ അങ്ങയുടെ സൗഖ്യം ഇച്ഛിക്കുന്നു’ എന്നായിരുന്നു ദ്രുപദന്റെ പ്രതികരണം.

ദ്രുപദനെ ബന്ധനവിമുക്തനാക്കി ദ്രോണന്‍ ആദരിച്ചു. ദ്രുപദനോട് സ്‌നേഹബഹുമാനങ്ങളോടെയാണ് തുടര്‍ന്ന് ദ്രോണന്‍ പെരുമാറിയത്. അതെല്ലാതെ ദ്രുപദനെ ചവിട്ടുകയോ തടവിലിടുകയോ ഒന്നും ദ്രോണന്‍ ചെയ്തില്ല. മറിച്ച് പ്രചരിക്കുന്നതെല്ലാം അവാസ്തവവും മഹാഭാരത്തില്‍ ഇല്ലാത്തതുമാണ്. രാജ്യത്തിന്റെ പകുതി ദ്രുപദന് തന്നെ ദ്രോണന്‍ വിട്ടുനല്‍കി.

പഠിച്ച വിദ്യകളുടെ പ്രായോഗിക പരീക്ഷണത്തിനായി ഏതെങ്കിലും രാജ്യത്തെ ആക്രമിക്കാന്‍ ശിഷ്യന്മാരോട് ആവശ്യപ്പെടാന്‍ ആചാര്യന് ധാര്‍മ്മികമായ അവകാശമുണ്ട്. ഇതിനാല്‍ത്തന്നെ ദ്രോണരുടെ നടപടിയില്‍ ധാര്‍മ്മികമായ യാതൊരു അപാകവുമില്ല. സൗഹൃദത്തെ പാലിക്കാത്തവര്‍ കൃതഘ്‌നന്‍ ആണെന്നും, അവന്‍ വധാര്‍ഹനാണെന്നും വാല്‍മീകി മഹര്‍ഷിതന്നെ പറഞ്ഞിട്ടുണ്ട്.

സൗഹൃദം സമ്പത്തിന്റെയും അധികാരത്തിന്റെയും പേരില്‍ വിസ്മരിക്കുന്നത് ശരിയല്ലെന്ന് തലമുറകളെ ഓര്‍മ്മപ്പെടുത്താനാണ് വ്യാസന്‍ ഇങ്ങനെയൊരു ആഖ്യാനം മഹാഭാരതത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. മനുഷ്യരില്‍ ശ്രേഷ്ഠനാണ് ദ്രോണന്‍ എന്ന് വ്യാസന്‍ മഹാഭാരതത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വ്യാസന്‍ ദ്രോണര്‍ക്ക് നല്‍കിയിട്ടുള്ള സ്വഭാവമഹിമയുടെ പ്രമാണപത്രം കൂടിയാണ് ഇത്. ദ്രോണനെ തങ്ങളുടെ ഇഷ്ടാനുസരണം വിലയിരുത്താനും വിമര്‍ശിക്കാനും ശ്രമിക്കുന്നവര്‍ വ്യാസഭഗവാന്‍ ദ്രോണര്‍ക്ക് നല്‍കിയ പ്രമാണപത്രത്തെ അവഗണിക്കരുത്.