24
ഭുവനം രചിപ്പിതജ,നവനം ഹരിക്കു ക്രിയ
യഖിലം ഹരിപ്പതിനു രുദ്രന്‍
പ്രളയം വരുമ്പൊഴിവരലിയുന്നിതീശ്വരനി
ലവനും സദാശിവമഹസ്സില്‍
സ്വയമേ ലയിച്ചു ശിവമയമായനുഗ്രഹമ –
തലിവാര്‍ന്നു നല്കുമഖിലേശന്‍
പരമേശ്വരീ നിന്റെ പുരികക്കൊടിക്കളിക-
ളവനല്ലയോ നിര്‍വഹിപ്പൂ
25
അമ്മേ! ഭവല്‍ ത്രിഗുണസന്താനമായ് വിലസു –
മിമ്മൂന്നു മൂര്‍ത്തികളിവര്‍ക്കും
ചെമ്മേ ഭവച്ചരണസംഭാവന ക്രിയകള്‍
തന്നേ ഭവിപ്പിതഭിഷേകം
നിന്‍ പാദപീഠമതിലമ്പോടവര്‍ ശിരസു
കുമ്പിട്ടു നിത്യമവിടുത്തെ
ചെന്താമരക്കഴലില്‍ നിന്നൂര്‍ന്നുവീണ സുമ –
മെല്ലാമണിഞ്ഞു കുളിരുന്നു
26
ബ്രഹ്‌മാവിനും മരണമുണ്ടാകുമപ്പൊഴുതി –
ലംഭോജനേത്രനുമടങ്ങും
ജംഭാരിയാദിയമരന്മാര്‍ നശിക്കുമഥ
സമ്പത്പതിക്കു മൃതിയുണ്ടാം
വന്‍ പേരെഴുന്ന മനുവംശം സമസ്തമിഹ
കണ്‍പൂട്ടിടുന്നു പ്രളയാന്ധ-
ച്ചെന്തീക്കടല്‍നടുവി,ലന്നും സുമംഗലി,
കളിച്ചുല്ലസിപ്പു തവ കാന്തന്‍ !















