ന്യൂദല്‍ഹി: ക്ലാസിനിടെ വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ സ്‌കൂള്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി. മറ്റു വിദ്യാര്‍ത്ഥികളുടെ മൊഴികളില്‍ നിന്ന് അധ്യാപകന്‍ ലൈംഗിക ഉദ്ദേശ്യത്തോടെയല്ല പെണ്‍കുട്ടിയെ സ്പര്‍ശിച്ചതെന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ വിദ്യാര്‍ത്ഥിനിയെ ശാരീരികമായി ശിക്ഷിച്ചത് അനുചിതമാണെന്നും പെണ്‍കുട്ടികളോട് ഇടപെടുമ്പോള്‍ അദ്ദേഹം കരുതല്‍ പാലിക്കണമായിരുന്നെന്നും കോടതി പറഞ്ഞു.
ഇത്തരം ഒരു പെരുമാറ്റത്തിന്‌റെ പേരില്‍ മാത്രം ഗുരുതരമായ ലൈംഗികാതിക്രമം കാണിച്ചുവെന്ന മട്ടില്‍ അധ്യാപകനെ വിചാരണ ചെയ്യുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. ഗേള്‍സ് സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകനെ സംബന്ധിച്ചിടത്തോളം, അത്തരമൊരു ആരോപണമോ വിചാരണയോ ഫലത്തില്‍ അദ്ദേഹത്തിന്റെ മുഴുവന്‍ സേവനത്തേയും നിരാകരിക്കുന്നതിനും മരണമണി മുഴക്കുന്നതിനും തുല്യമാണ്. അദ്ദേഹത്തിന് ഒരു കുടുംബവുമുണ്ടെന്നും കോടതി പറഞ്ഞു.
















