
തിരുവനന്തപുരം:പിണറായി സര്‍ക്കാരിന്റെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 787 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
2021-26 കാലത്ത് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമിച്ച പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പേരും മറ്റ് വിശദാംശങ്ങളും പുറത്തുവിടാന്‍ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ കൂടാതെ മുന്‍ മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ പരിപാലനത്തിനായി 12 പേരെ കൂടി നിയമിച്ചിരുന്നു.ഇതിനായി ഒരു വര്‍ഷം 84 ലക്ഷം രൂപയിലധികം സാമൂഹിക മാധ്യമ പരിപാലനത്തിന് മാത്രമായി ചെലവഴിച്ചുവെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
എന്നാല്‍, അനുവദിക്കപ്പെട്ട പരിധിക്ക് മുകളില്‍ പേഴ്‌സണല്‍ സ്റ്റാഫിനെ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.