ന്യൂദല്‍ഹി: മാതൃഭൂമിയുടെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച സമ്പൂര്‍ണ കാര്യകര്‍ത്താവായിരുന്നു വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷന്‍ എ ബാലകൃഷ്ണന്‍ജിയെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്. അരുണാചല്‍ പ്രദേശിലെ അതിദുര്‍ഘട പ്രദേശങ്ങളില്‍ വിദ്യാഭ്യാസവും സാമൂഹികമായ വികസനമെത്തിക്കാന്‍ അദ്ദേഹം പ്രയത്‌നിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി സഭയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക് .
ഉത്തരവാദിത്തങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയായിരുന്നു ബാലകൃഷ്ണന്‍ജിയുടെ ജീവിതമെന്ന് ഡോ മോഹന്‍ ഭാഗവത് പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുമ്പോഴും അദ്ദേഹത്തിന്റെ ചിന്തകള്‍ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനെപ്പറ്റിയായിരുന്നു. അദ്ദേഹത്തിന്റെ സമര്‍പ്പണബോധവും ലാളിത്യവും മാതൃകാപരമാണ്.സാമൂഹിക സേവന രംഗത്ത് ഒട്ടും പ്രശസ്തി ആഗ്രഹിക്കാതെ പ്രവര്‍ത്തിച്ച ”സാധാരണക്കാരനായ അസാധാരണ വ്യക്തിയായിരുന്നു ബാലകൃഷ്ണന്‍ജിയെന്ന് സര്‍സംഘചാലക് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. അഞ്ച് പതിറ്റാണ്ടിലേറെക്കാലത്തെ നിസ്വാര്‍ത്ഥ സേവനങ്ങളെ അനുസ്മരിച്ച പ്രധാനമന്ത്രി, അരുണാചല്‍ പ്രദേശിലെ വിദൂര പ്രദേശങ്ങളിലെ കുട്ടികളിലേക്ക് വിദ്യാഭ്യാസം എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച അസാധാരണ പങ്കിനെ പ്രശംസിച്ചു.മാതാ അമൃതാനന്ദമയീദേവി സന്ദേശത്തിലൂടെ ബാലകൃഷ്ണന്‍ജിയുടെ വിയോഗത്തിലുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ്വാമി വിവേകാനന്ദന്റെ പാതയിലൂടെയുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥവും സമര്‍പ്പിതവുമായ ജീവിതം വരുംതലമുറകള്‍ക്ക് പ്രചോദനമാകുമെന്ന് അമ്മ ഓര്‍മ്മിപ്പിച്ചു.
അരുണാചല്‍ പ്രദേശിലെ വിവേകാനന്ദ കേന്ദ്ര വിദ്യാലയങ്ങളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ചടങ്ങിനെ വികാരനിര്‍ഭരമാക്കി. വിഐഎഫ് ചെയര്‍മാന്‍ എസ് ഗുരുമൂര്‍ത്തി, ഡയറക്ടര്‍ അരവിന്ദ് ഗുപ്ത, വിവേകാനന്ദ കേന്ദ്രം ഉപാധ്യക്ഷ നിവേദിത ഭിഡെ എന്നിവര്‍ സംസാരിച്ചു.















