ഹൈദരാബാദ്: ഫഹദ് ഫാസിലിനെ തെലുങ്കില്‍ നായകനായി അവതരിപ്പിച്ച് ബ്രഹ്മാണ്ഡ സിനിമയുടെ രാജാവായ രാജമൗലി. ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ( Don’t Trouble The Trouble ) എന്ന ഈ സിനിമ സംവിധായനം ചെയ്യുന്നത് പക്ഷെ ശശാങ്ക് യെലേട്ടിയാണ്. ഒക്ടോബര്‍ 2ന് ഈ സിനിമ തിയറ്ററുകളില്‍ എത്തും. “സൂരിയും ദിവ്യയും തങ്ങളുടെ മാന്ത്രികവിദ്യകൾ കാട്ടി ട്രബിൾ തുടങ്ങാൻ തയ്യാറായിക്കഴിഞ്ഞു,” എന്ന കുറിപ്പോടെയാണ് പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ഏത് വേഷവും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഫഹദിന് പ്രത്യേക കഴിവുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താനെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയാണ്. ഫഹദിന്റെ സിനിമാ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി സൂരി എന്ന കഥാപാത്രം മാറുമെന്ന് കരുതുന്നു.
സ്റ്റേജില്‍ വ്യാജ അത്ഭുതങ്ങൾ കാണിച്ച് ആളുകളെ വിസ്മയിപ്പിക്കുന്ന കഥാപാത്രമായ ട്രാന്‍സിലെ വിജു പ്രസാദ്, ‘ആവേശം’ സിനിമയിലെ രംഗണ്ണന്‍ എന്നീ കഥാപാത്രങ്ങള്‍ പോലെ സൂരിയും തിളങ്ങുമെന്നാണ് പ്രതീക്ഷ. സിനിമയില്‍ ഒരു മജീഷ്യനായാണ് സൂരി എന്ന കഥാപാത്രം എത്തുന്നത്. സൂരി ദിവ്യ എന്ന കുട്ടിയില്‍ അസാമാന്യ കഴിവുകളുണ്ടെന്ന് കണ്ടെത്തുന്നു. നമ്മുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചുതരാന്‍ ഒരു പ്രത്യേക കഴിവ് ദിവ്യയില്‍ ഉണ്ടെന്ന് സൂരി മനസ്സിലാക്കുന്നു. സൂരിയുമായി ആഴത്തിലുള്ള അടുപ്പമാണ് ദിവ്യയ്‌ക്ക് ഉള്ളത്. ഒരു മജീഷ്യനും അസാമാന്യ കഴിവുകളുള്ള കുട്ടിയും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥയാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍. കുട്ടിത്താരമായ മഹാരാഷ്‌ട്രയിലെ സാറ പലേക്കര്‍ ആണ് ഈ സിനിമയില്‍ ഫഹദ് ഫാസിലിനൊപ്പം ദിവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ഇന്ത്യന്‍ സിനിമയില്‍ രാജമൗലി മറ്റൊരു അമ്പരപ്പിക്കുന്ന അനുഭവത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷ.
















