
ധാക്ക : രണ്ട് വര്‍ഷമായി ബംഗ്ലാദേശ് ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിന് അമ്മയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു. ജയിലില്‍ കഴിയുന്ന മകനെ കാണണമെന്ന അവസാന ആഗ്രഹം നടക്കാതെയാണ് ചിന്മയ് കൃഷ്ണദാസിന്റെ അമ്മ സന്ധ്യ റാണി ധർ (70) അന്തരിച്ചത് .
ദാസിന്റെ കുടുംബം അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് ചട്ടോഗ്രാം ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് സാഹിദുൽ ഇസ്ലാം മിയയാണ് അദ്ദേഹത്തെ വിട്ടയക്കാൻ ഉത്തരവിട്ടത്. മകന്റെ ജയില്‍ വാസം അമ്മയെ മാനസികമായി തകര്‍ത്താതായി സഹോദരന്‍ പറഞ്ഞു. അമ്മയുടെ രോഗാവസ്ഥ ചൂണ്ടിക്കാണിച്ച് പരോള്‍ നല്‍കിയെങ്കിലും, രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പരോള്‍ അനുവദിക്കാനുള്ള വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാണിച്ച് അപേക്ഷ നിരസിച്ചതായും സഹോദരന്‍ പറഞ്ഞു.
പരോള്‍ ലഭിച്ച ശേഷമുള്ള ചിന്മയ് കൃഷ്ണദാസിന്റെ വൈകാരികമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . ചട്ടോഗ്രാമിലെ പുണ്ഡരീക ധാം ക്ഷേത്രത്തിലെ രാധാകൃഷ്ണ വിഗ്രഹത്തിന്റെ പാദങ്ങളില്‍ തൊട്ട് പൊട്ടിക്കരയുന്നതാണ് വീഡിയോയില്‍ ഉള്ളത്. അതിന് പിന്നാലെ അദ്ദേഹം ജയിലിലേക്ക് മടങ്ങുകയും ചെയ്തു.
ബംഗ്ലാദേശ് ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപിക്കപ്പെട്ടാണ് 2024ല്‍ ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ ബംഗ്ലാദേശ് സര്‍ക്കാര്‍ ആറ് കേസുകള്‍ നിലവിലുണ്ട്. നാലുകേസുകളില്‍ ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ചിന്മയ് കൃഷ്ണദാസ് ജയിലില്‍ തുടരുകയാണ്.