21
മിന്നല്‍ക്കൊടിക്കുസമമുള്ളില്‍ക്കളിക്കുമവള്‍
ചന്ദ്രാഗ്‌നിസൂര്യസമദീപ്ത്യാ
ഫുല്ലാബ്ജമാറിലുടനുല്ലാസമാടി നവ
കല്യാണകാന്തി കലരുന്നോള്‍
ചെന്താമരപ്പൂക്കളെല്ലാം വിടര്‍ന്ന ശിവ-
ചിന്താഗൃഹത്തിലഴകേറും
ഹൃല്ലേഖയാം കലയിതുള്ളം തെളിഞ്ഞ ജന-
മുള്ളില്‍ വഹിച്ചു സുഖമാളും
22
നീ തന്നെ ഞാന്‍പെടുമനേകം വിപത്തുകളെ
നീക്കിക്കളഞ്ഞു സുഖമേകാന്‍
നീളും കടാക്ഷമരുളേണം ഭവാനി മയി –
യേവം കഥിക്കുവതിനമ്മേ
നീ തന്നെ ഞാനിതി മൊഴിഞ്ഞപ്പൊഴേയ്‌ക്കവനു
സായൂജ്യമാം പദവി നല്കും
നീയംബ ! വിഷ്ണുവിധിദേവാദിവന്ദ്യപദ-
മീയല്പവിജ്ഞനരുളുന്നു
23
മുഗ്‌ധേന്ദുശേഖരനിലര്‍ദ്ധാംഗിയെന്ന നില
തൃപ്തിപ്പെടാഞ്ഞു ജഗദംബേ
ഭര്‍ത്താവിനെ മുഴുവനുള്‍ക്കൊണ്ടു കാണ്‍മു മമ
ഹൃത്തില്‍ മഹേശ്വരമഹസ്സായ്
രക്താഭമായ തിരുവുടലും സമസ്തമിഹ
മുക്കണ്ണുമുണ്ടുവിലസീടു –
ന്നുത്തുംഗകുംഭകുചയുഗ്മം വഹിച്ചഴകു –
മൊപ്പം ശശാങ്കകലയും തേ
















