കൊച്ചി: മൈക്രോഫിനാന്‍സ് കേസില്‍ നടത്തുന്ന അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ ഹൈക്കോടതിക്ക് അതൃപ്തി. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് നാളെ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി.
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട 15.85 കോടി രൂപയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിലും അന്വേഷണ റിപ്പോര്‍ട്ടിലെ അവ്യക്തതകളിലും കടുത്ത വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.
ചില കേസുകളില്‍ പിന്നാക്ക വകുപ്പില്‍പെട്ട ഉദ്യോഗസ്ഥര്‍ പ്രതികളായതിനാല്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രോസിക്യൂഷന്‍ അനുമതി വേണമെന്ന് പൊലീസ് സൂപ്രണ്ട് കോടതിയെ ധരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും അദ്‌ദേഹം എത്തിയില്ല. തുടര്‍ന്നാണ് നാളെ ഒരു അവസരം കൂടി കോടതി അനുവദിച്ചത്.
















