
കൊച്ചി: വൈദ്യുതി പ്രതിസന്ധി മൂലമുള്ള ലോഡ് ഷെഡിങ്ങിന്റെ പേരില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസുകളിലെ ഫീല്‍ഡ് ജീവനക്കാര്‍ക്ക് മേലുള്ള ആക്രമണങ്ങളില്‍ നിന്ന് പൊതുസമൂഹം പിന്മാറണമെന്ന് കേരള വൈദ്യുതി മസ്ദൂര്‍ സംഘം (ബിഎംഎസ്) സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മാറിമാറി ഭരിച്ച ഇടത് വലത് സര്‍ക്കാരുകളാണ്. 1957 രൂപീകൃതമായ കെഎസ്ഇബി സംസ്ഥാനത്തിന്റെ ആവശ്യമായ വൈദ്യുതിയുടെ 30% മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.
46 നദികളും ജലസമൃദ്ധമായ ഭൂപ്രകൃതിയും ഉള്ള കേരളത്തില്‍ 3000 ടിഎംസി ജലം ഉള്ളപ്പോള്‍ അതില്‍ 300 ടിഎംസി ജലം മാത്രമാണ് വൈദ്യുതി ഉത്പാദനത്തിനായി സംസ്ഥാനം ഉപയോഗിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. പതിമൂന്നോളം ഹൈഡല്‍ പ്രോജക്ടുകള്‍ നിര്‍മാണം പൂര്‍ത്തിയായതും പാതിവഴിയിലായതുമായി ഉള്ളപ്പോള്‍ അവ കമ്മിഷന്‍ ചെയ്യാതെയും വൈദ്യുതി ഉല്‍പാദനത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടാതെയും പോയ സര്‍ക്കാരുകള്‍ കേരളത്തിന് ആവശ്യമായ എഴുപത് ശതമാനം വൈദ്യുതിയും സെന്‍ട്രല്‍ ഗ്രിഡില്‍ നിന്നും വാങ്ങി വിതരണം ചെയ്യുന്ന ശൈലിയാണ് തുടരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങളെയും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥകളെയും രാഷ്‌ട്രീയ വൈര്യത്തിന്റെ പേരില്‍ അവഗണിച്ചതിന്റെ തിക്തഫലമാണ് ഇന്ന് സംസ്ഥാനം അനുഭവിക്കുന്നത്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥകള്‍ പാലിക്കുന്ന വിതരണ ഏജന്‍സികള്‍ക്ക് മാത്രമേ വൈദ്യുതി വാങ്ങലില്‍ മുന്‍ഗണന നല്‍കുകയുള്ളൂ എന്ന് നേരത്തെ തന്നെ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ജീവനക്കാരെ ലോഡ് ഷെഡിങ്ങിന്റെ പേരിലും വൈദ്യുതി പുനസ്ഥാപനം വൈകുന്നതിന്റെ പേരിലും ഓഫീസില്‍ എത്തി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ശൈലി സമൂഹം അവസാനിപ്പിച്ച് സര്‍ക്കാരിനും മാനേജ്‌മെന്റിനും എതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ വൈദ്യുതി മസ്ദൂര്‍ സംഘത്തോടൊപ്പം സഹകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.വി. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.