പൂഞ്ഞാര്‍: കോയിക്കല്‍ ദേവസ്വം കൊട്ടാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആദ്യമായി ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാര്‍ അവതരിപ്പിച്ച കൃഷ്ണനാട്ടം ഭക്തിസാന്ദ്രമായി. ക്ഷേത്രമുറ്റത്ത് അരങ്ങേറിയ ‘അവതാരം’ കാണാന്‍ നിരവധി ഭക്തജനങ്ങളെത്തി.
ശ്രീകൃഷ്ണന്റെ അവതാരവും ബാലലീലകളും ഉള്‍പ്പെടെയുള്ള പുരാണകഥകള്‍ സംഗീതം, നൃത്തം, അഭിനയഭാവങ്ങള്‍ എന്നിവ സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന കേരളത്തിന്റെ തനത് ക്ഷേത്രകലാരൂപമാണ് കൃഷ്ണനാട്ടം. ഗുരുവായൂര്‍ ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട ഈ കലാരൂപം പൂഞ്ഞാര്‍ കൊട്ടാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആദ്യമായി അരങ്ങേറിയത് ഭക്തര്‍ക്ക് വേറിട്ട അനുഭവമായി.
കൃഷ്ണനാട്ടത്തിലെ എട്ട് കഥകളില്‍ ആദ്യത്തേതാണ് അവതാരം. കാളീയമര്‍ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗാരോഹണം എന്നിവയാണ് കൃഷ്ണനാട്ടത്തിലെ മറ്റു കഥകള്‍. ശ്രീകൃഷ്ണന്റെ ജനനം മുതല്‍ ബാലലീലകളും വിവിധ അസുരന്മാരുമായുള്ള യുദ്ധവും,വധവും, രാധാകൃഷ്ണ പ്രേമവും, രുക്മിണീസ്വയംവരവും, ബാണാസുരനുമായുള്ള യുദ്ധവും ഒടുവില്‍ ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണവും വരെയുള്ള കഥകളാണ് എട്ട് ഭാഗങ്ങളിലായി കൃഷ്ണനാട്ടത്തില്‍ അവതരിപ്പിക്കുന്നത്.
ചിട്ടയായ വേഷവിധാനം, മുഖത്തെഴുത്ത്, മുദ്രകള്‍, ചുവടുകള്‍, പാട്ട്, വാദ്യമേളം എന്നിവയുടെ സമന്വയത്തിലൂടെ അവതരിപ്പിച്ച കൃഷ്ണനാട്ടം ക്ഷേത്രമുറ്റത്തെ ഭക്തിസാന്ദ്രമാക്കി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പ ാരമ്പര്യ കലാകാരന്മാര്‍ അവതരിപ്പിച്ച കൃഷ്ണനാട്ടം കാണാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി നൂറു കണക്കിന് ഭക്തജനങ്ങളെത്തി.
















