
ടോക്കിയോ / ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് 2026ന്റെ ഭാഗമാകായന്‍ ന്യൂദല്‍ഹിയില്‍ നിന്നും പുറപ്പെട്ട ഭാരത അത്‌ലറ്റുകള്‍ ജപ്പാനിലെത്തി പരിശീലനത്തില്‍ സജീവമാകാന്‍ തുടങ്ങി. ജപ്പാനിലെ ഐച്ചിനഗോയയില്‍ 19ന് ആരംഭിക്കുന്ന ഇത്തവണത്തെ വന്‍കരയിലെ വമ്പന്‍ കായിക മേളയില്‍ ട്രാക്കിലും ഫീല്‍ഡിലുമായി ഭാരതത്തെ പ്രതിനിധാനം ചെയ്യുന്നത് 77 പേരാണ്. 34 പുരുഷ താരങ്ങളും 43 വനിതാ താരങ്ങളും ഇതില്‍ ഉള്‍പ്പെടും. 19 മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് ഏഷ്യന്‍ കായികമാമാങ്കം.
അത്‌ലറ്റിക്‌സില്‍ ഭാരതത്തിന് വലിയ മെഡല്‍ പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ തവണത്തെ ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസിലെ 106 മെഡലുകളാണ് ഭാരതത്തിന്റെ നേട്ടം. അതില്‍ 29 മെഡലുകളാണ് അത്‌ലറ്റിക്‌സില്‍ നിന്നുണ്ടായിരുന്നത്. ആറ് സ്വര്‍ണവും 14 വെള്ളിയും ഒമ്പത് വെങ്കലവും.
ഗുല്‍വിന്ദര്‍ സിങ് പുരുഷന്മാരുടെ 100 മീറ്റര്‍ സ്പ്രിന്റിലും മിക്‌സഡ് 4-100 മീറ്റര്‍ റിലേയിലുമാണ് മത്സരിക്കുന്നത്. രാജേഷ് രമേഷ്, കിരണ്‍ പഹല്‍, വിത്യ രാമ്രാജ്, എം.ആര്‍. പൂവമ്മ തുടങ്ങിയ പരിചയസമ്പന്നരായ അത്‌ലറ്റുകള്‍ ടീമിലുണ്ട്. പുരുഷന്മാരുടെ 4ഃ400 മീറ്റര്‍, വനിതകളുടെ 4ഃ100 മീറ്റര്‍, 4ഃ400 മീറ്റര്‍ എന്നീ പ്രധാന വിഭാഗങ്ങളിലാണ് ഭാരത ടീം മത്സരിക്കുന്നത്. ഏഷ്യന്‍ ഗെയിംസുകളിലും മറ്റ് അന്താരാഷ്‌ട്ര മീറ്റുകളിലും ഇന്ത്യക്ക് പരമ്പരാഗതമായി മെഡലുകള്‍ സമ്മാനിക്കുന്ന വിഭാഗമാണിത്. മിക്‌സഡ് 4-100 മീറ്റര്‍, മിക്‌സഡ് 4-400 മീറ്റര്‍ എന്നീ രണ്ട് ഇനങ്ങളിലായി അനിമേഷ് കുജൂര്‍, തമന്ന, ജയ് കുമാര്‍, അന്‍സ ബാബു തുടങ്ങിയ പ്രമുഖ താരങ്ങള്‍ പങ്കെടുക്കും.
പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ തജിന്ദര്‍ പാല്‍ തൂര്‍ വീണ്ടും അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് സജ്ജമാകുകയാണ്. ഷോട്ട്പുട്ടിലെ ഏഷ്യന്‍ റിക്കാര്‍ഡും ദേശീയ റിക്കാര്‍ഡും സ്വന്തം പേരിലുള്ള ഭാരതത്തിന്റെ ഏറ്റവും വിശ്വസ്തനായ താരമാണ് തൂര്‍. നീരജ് ചോപ്ര പരിക്കുമൂലം പിന്മാറിയ സാഹചര്യത്തില്‍, ഭാരത ജാവലിന്‍ പ്രതീക്ഷകള്‍ യാഷവീര്‍ സിംഗിന്റെയും രോഹിത് യാദവിന്റെയും കൈകളിലാണ്. ഹാങ്ഷൂവിലെ ചരിത്രനേട്ടങ്ങള്‍ക്ക് ശേഷം ജപ്പാനിലും ഭാരത ത്രിവര്‍ണ്ണ പതാക വാനോളമുയര്‍ത്താന്‍ സജ്ജമായിരിക്കുകയാണ് ജപ്പാനിലെത്തിയ നമ്മുടെ അത്‌ലറ്റിക്‌സ് സംഘം.