
ന്യൂദല്‍ഹി: ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍വേ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗത്തില്‍ അംഗീകാരം. 31 ജില്ലകളിലായി പാതകളുടെ എണ്ണം കൂട്ടാനുള്ള എട്ട് പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കിയത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 17 ജില്ലകളെ ഉള്‍ക്കൊള്ളുന്ന അഞ്ച് മള്‍ട്ടിട്രാക്കിങ് പദ്ധതികള്‍ക്കും ബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ 14 ജില്ലകളെ ഉള്‍ക്കൊള്ളുന്ന മൂന്ന് മള്‍ട്ടിട്രാക്കിങ് പദ്ധതികളുമാണ് നടപ്പിലാക്കുക. 2030ഓടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനം വിശദമാക്കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ദക്ഷിണ ഭാരത സംസ്ഥാനങ്ങളില്‍ ആരക്കോണം – രേണിഗുണ്ട മൂന്നും നാലും പാത – 77 കി.മീ., വൈറ്റ്ഫീല്‍ഡ് – ബംഗാര്‍പേട്ട് മൂന്നും നാലും പാത – 47 കി.മീ., ഹൊസൂര്‍ – ഓമലൂര്‍ പാത ഇരട്ടിപ്പിക്കല്‍ – 147 കി.മീ., സേലം – കരൂര്‍ – ഡിണ്ടിഗല്‍ പാത ഇരട്ടിപ്പിക്കല്‍ – 159 കി.മീ., സെക്കന്തരാബാദ് (ഘട്‌കേസര്‍) – കാസിപേട്ട് മള്‍ട്ടിട്രാക്കിങ് – 110 കി.മീ. എന്നിവയ്‌ക്കായി 1021 കോടിയാണ് ചെലവഴിക്കുന്നത്. 52 ലക്ഷം ജനസംഖ്യയുള്ള 2,121 ഗ്രാമങ്ങളിലേക്കുള്ള 656 കി.മീ. കണക്റ്റിവിറ്റിയാണ് ഇതിലൂടെ വര്‍ദ്ധിപ്പിക്കുക.
ബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഖരഗ്പൂര്‍ – ഝാര്‍സുഗുഡ (ബാഗ്‌ദേഹി) നാലാം പാത, കാട്‌നി – പെന്ദ്ര റോഡ് നാലാം പാത, ബിലാസ്പൂര്‍ (ഉസ്ലാപൂര്‍) – പെന്ദ്ര റോഡ് മൂന്നാം പാത എന്നിവയിലൂടെ 656 കിലോമീറ്റര്‍ വര്‍ദ്ധിപ്പിക്കും. ഇതിനായി 10,783 കോടി ചെലവഴിക്കും. 56 ലക്ഷം ജനസംഖ്യയുള്ള 4,790 ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും. എട്ട് പദ്ധതികള്‍ കൂടിയാകുന്നതോടെ നിലവിലുള്ള റെയില്‍ ശൃംഖലയില്‍ 1100 കി.മീ. ദൂരം വര്‍ദ്ധിക്കും. രാജ്യത്ത് ചരക്ക് നീക്കം അതിവേഗത്തിലാകും. അശ്വനി വൈഷ്ണവ് പറഞ്ഞു.