
ആലപ്പുഴ : ഇ ഡിക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ക്ഷുഭിതനായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിഷയത്തിൽ മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചതോടെ പ്രതിപക്ഷനേതാവ് ക്ഷുഭിതനായി. വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ എത്തിയതാണ് പിണറായി വിജയൻ . കാറിൽ നിന്നിറങ്ങിയ പിണറായി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
പിന്നീട് മാധ്യമപ്രവർത്തകർ അകത്തേക്ക് പിന്തുടർന്നപ്പോൾ . ‘പുറത്ത് നിക്കെടോ. എന്താ ബാത്റൂമിലേക്ക് വരുവാണോ? ഇവിടെ വന്നത് മൂത്രം ഒഴിക്കാനാ. നിങ്ങളെ കാണാൻ അല്ല’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി 3.28 കോടി രൂപ സിഎംആർഎൽ കമ്പനിയിൽ നിന്ന് കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് ഇഡിയുടെ കത്തിൽ പറയുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ വീണ, മരുമകനും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ഇഡി ശുപാർശ ചെയ്തിരുന്നു.
ഇഡിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസിന് ഇരട്ടത്താപ്പെന്നാണ് പ്രതിപക്ഷ വിമർശനം. സിഎംആർഎൽ-എക്സോലോജിക് ഇടപാടിൽ കേസിൽ പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് ഉപഗേശം തേടിയത്. ഇ.ഡി നീക്കത്തോട് പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.