ഭോപ്പാല്‍: ഏഷ്യന്‍ ഗെയംസില്‍ ഭാരതം വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന വിഭാഗമാണ് ഷൂട്ടിങ്. ഒളിംപിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍ അടക്കമുള്ള താരങ്ങള്‍ ഭോപ്പാലില്‍ നിന്നാണ് ഇത്തവണ ജപ്പാനിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഇവിടെയുള്ള മധ്യപ്രദേശ് സ്റ്റേറ്റ് ഷൂട്ടിങ് അക്കാദമിയിലാണ് ഏഷ്യന്‍ ഗെയിംസിന് തയ്യാറെടുക്കുന്ന ഭാരത താരങ്ങളുടെ അന്തിമ ട്രെയിനിങ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ 18 താരങ്ങള്‍ പങ്കെടുക്കും.
വിദഗ്ധരായ പരിശീലകരായിരിക്കും റൈഫിള്‍ ആന്‍ഡ് പിസ്റ്റള്‍ ഇവന്റിലുള്ളവര്‍ക്ക് പരിശീലനം നല്‍ക്കുക. കായിക പരിശീലനത്തിന് പുറമെ മാനസികോര്‍ജ്ജം ശക്തിപ്പെടുത്താനുള്ള സെഷനുകളും ക്യാമ്പിലുണ്ട്.
മനു ഭാക്കറിനെ കൂടാതെ ഇഷാ സിങ്, ഐശ്വരി പ്രതാപ് സിങ് ടോമര്‍ എന്നിവരടക്കമുള്ള പ്രമുഖ താരങ്ങളും ഈ പ്രത്യേക പരിശീലനത്തിന്റെ ഭാഗമാകും. 10, 25, 50 മീറ്റര്‍ വിഭാഗങ്ങളിലാണ് ഭാരത താരങ്ങള്‍ പങ്കെടുക്കുക. കഴിഞ്ഞ മാസവും ഏഷ്യന്‍ ഗെയിംസ് മുന്നില്‍ കണ്ട് ഭാരത ഷൂട്ടിങ് അസോസിയേഷന്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ തവണ ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ ഭാരതം നേടിയ 28 സ്വര്‍ണങ്ങളില്‍ ഏഴും ഷൂട്ടിങ്ങില്‍ നിന്നായിരുന്നു. രണ്ട് വര്‍ഷം മുമ്പ് പാരീസ് ഒളിംപിക്‌സിലും ഷൂട്ടിങ്ങില്‍ മികവ് കാട്ടാന്‍ ഭാരത സംഘത്തിന് സാധിച്ച. ഇനി ജപ്പാനില്‍ മികവ് കൂട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള യാത്ര തുടങ്ങുന്നത് ഭോപ്പാലില്‍ നിന്നാണ്. 14നാണ് ഇവിടെ നടക്കുന്ന പ്രത്യേക പരിശീലന ക്യാപ് തീരുക. തുടര്‍ന്ന് താരങ്ങള്‍ ജപ്പാനിലേക്ക് യാത്ര തിരിക്കും.













