കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയും ബിഗ് ടിവി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററുമായ അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ വിസ്ഡം നേതാവ് ഡോ. അബ്ദുല്ലാ ബാസിലിനെതരെ കേസെടുത്തതില്‍ പ്രതിഷേധവുമയി വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത നടപടി കടുത്ത വിവേചനമാണെന്ന് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് പ്രതികരിച്ചു.
അവതാരകയുടേത് വ്യാജ പരാതിയാണെന്നും പൊലീസ് തിടുക്കപ്പെട്ട് എഫ്.ഐആര്‍ രജിസ്റ്റര്‍ ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയില്‍ ഇസ്ലാമിനെ പരിഹസിക്കുന്ന പരാമര്‍ശങ്ങളാണ് അവതാരക നടത്തിയത്.ബാസിലിന്റെ വിശകലന വീഡിയോക്ക് താഴെ മറ്റാരോ പോസ്റ്റിട്ടതിനാണ് കേസെടുത്തിട്ടുള്ളത്. അതിനാല്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്നും, ആരിഫ് ഹുസൈനെതിരെ നല്കിയ പരാതിയില്‍ കേസെടുത്ത് പൊലീസ് ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദങ്ങള്‍ മറയാക്കി ഇസ്ലാമിനെ വേട്ടയാടുകയാണെന്നും ചിലര്‍ ഇസ്ലാമോഫോബിയ വളര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അബ്ദുല്ല ബാസിലിന് എതിരായ എഫ്ഐആര്‍ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു.













