India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ദക്ഷിണ ദല്‍ഹിയിലെ സത്യനികേതനില്‍ ആണ്‍കുട്ടികളുടെ പേയിംഗ് ഗസ്റ്റ് കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം മൂന്നായി. അഞ്ചുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ദല്‍ഹി സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള പ്രദേശത്താണ് സംഭവം.

ബേസ്‌മെന്റും അഞ്ച് നിലകളുമുള്ള ‘ഹോസ്റ്റല്‍ ഡേയ്സ്’ എന്ന കെട്ടിടമാണ് ഞായറാഴ്ച ഉച്ചയോടെ തകര്‍ന്നത്. ബേസ്‌മെന്റില്‍ അറ്റകുറ്റപ്പണികള്‍ നടന്നു വരവെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.

അപകടമുണ്ടായ വിവരം കിട്ടിയ ഉടന്‍ പൊലീസും അഗ്നിരക്ഷാ സേനയും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഞായറാഴ്ച ഉച്ചയ്‌ക്ക് 1.30ഓടെയാണ് കെട്ടിടം തകര്‍ന്നുവീണത്. 40 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ളതാണ് ഈ കെട്ടിടം. അപകടസമയം നിരവധി വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സഹായം തേടി ചില വിദ്യാര്‍ത്ഥികള്‍ ഫോണ്‍ വിളിക്കുന്നുണ്ടെന്നും ദൃക്സാക്ഷികളും എംഎല്‍എയും പറഞ്ഞു.

സംഭവത്തില്‍ അനുശോചനമറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നവെന്നും പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഗോവയില്‍ നടക്കാനിരുന്ന പരിപാടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി.

 

Recent Posts