മഥുരയിലെ ജീവിതത്തിനുശേഷം കൃഷ്ണനും ബലരാമനും സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലത്തില്‍ വിദ്യാഭ്യാസം നേടുന്ന കഥാസന്ദര്‍ഭം കൃഷ്ണഗാഥയിലെ പ്രധാനഘട്ടമാണ്. ജീവിതത്തില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്ന ഒരാളായിരുന്നിട്ടും, കൃഷ്ണന്‍ ശിഷ്യനായി ഗുരുവിന്റെ മുന്നില്‍ ഇരിക്കുന്നു. അറിവും കഴിവും ഉണ്ടായിരുന്നിട്ടും പഠിക്കാനുള്ള മനസ്സോടെ ഗുരുവിനെ സമീപിക്കുന്ന ഈ സന്ദര്‍ഭം ജീവിതത്തിലെ വിനയത്തിന്റെ മഹത്വം ഓര്‍മ്മിപ്പിക്കുന്നു.
കൃഷ്ണസന്ദേശം
എത്ര അറിവുണ്ടായാലും കൂടുതല്‍ പഠിക്കാനുള്ള ത്വര നഷ്ടപ്പെടുത്തരുത്.
അറിവ് ഒരിക്കലും പൂര്‍ണമാകുന്ന ഒന്നല്ല. എല്ലാം പഠിച്ചു കഴിഞ്ഞു എന്നു തോന്നുന്ന നിമിഷം വളര്‍ച്ച നിലയ്‌ക്കുന്നു. യഥാര്‍ഥ ജ്ഞാനം മനുഷ്യനെ കൂടുതല്‍ വിനയമുള്ളവനാക്കുകയാണ് ചെയ്യുന്നത്.
ജീവിതസ്പര്‍ശം
ഇന്നത്തെ ലോകത്ത് വിവരങ്ങള്‍ ലഭിക്കാന്‍ ഒരു നിമിഷം പോലും വേണ്ട. പുസ്തകങ്ങള്‍, ഇന്റര്‍നെറ്റ്, സാമൂഹികമാധ്യമങ്ങള്‍, കൃത്രിമബുദ്ധി… അറിവിന്റെ വാതിലുകള്‍ അങ്ങനെ അനന്തമാണ്.
എന്നാല്‍ ലഭിക്കുന്ന വിവരം അറിവാകണമെന്നില്ല. ലഭിച്ച അറിവ് വിവേകമാകണമെന്നുമില്ല.
പഠിച്ചവനാണെന്ന് തെളിയിക്കാനുള്ള ആഗ്രഹം ചിലപ്പോള്‍ പഠിക്കാനുള്ള മനസ്സിനെ തന്നെ ഇല്ലാതാക്കുന്നു. മറ്റൊരാളില്‍നിന്ന് എന്തെങ്കിലും പഠിക്കേണ്ടിവരുമ്പോള്‍ അത് സ്വന്തം കുറവായി കാണുന്ന മനോഭാവവും പലര്‍ക്കുമുണ്ട്.
പുതിയ ജോലിയില്‍ പ്രവേശിക്കുന്ന ആള്‍ക്ക് വര്‍ഷങ്ങളുടെ അനുഭവമുള്ളവരില്‍നിന്ന് പഠിക്കേണ്ടിവരും. മാതാപിതാക്കള്‍ക്കു സ്വന്തം മക്കളില്‍നിന്നുപോലും പുതിയ കാര്യങ്ങള്‍ പഠിക്കാം. അധ്യാപകനു വിദ്യാര്‍ത്ഥികളില്‍നിന്നും ചിലപ്പോള്‍ ചിലതെല്ലാം ഗ്രഹിക്കാം. പ്രായം കൂടുന്നതനുസരിച്ച് പഠനം അവസാനിക്കണമെന്നില്ല; പലപ്പോഴും ജീവിതത്തിന്റെ ആഴത്തിലുള്ള പാഠങ്ങള്‍ വൈകി മാത്രമാണ് തുടങ്ങുന്നത്.
”എനിക്ക് അറിയില്ല” എന്ന് പറയാനുള്ള ധൈര്യവും ഒരു അറിവാണ്. ഗുരുകുല സമ്പ്രദായം ഇന്ന് അതേ രൂപത്തില്‍ ആവശ്യമല്ലെങ്കിലും, അതിന്റെ ആത്മാവ് ഇന്നും പ്രസക്തമാണ്. നമ്മേക്കാള്‍ അനുഭവമുള്ളവരില്‍നിന്ന് പഠിക്കുക. നമ്മെ തിരുത്തുന്ന വാക്കുകള്‍ കേള്‍ക്കുക. തെറ്റുകളില്‍നിന്ന് പഠിക്കുക. പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ട് മുന്നേറുക. മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠനെന്നു നടിക്കാനല്ല; സ്വന്തം അജ്ഞത തിരിച്ചറിയാനാണ അറിവ് സഹായിക്കേണ്ടത്.
ജീവിതത്തില്‍ കൂടുതലറിയുന്ന ഒരാളെ കണ്ടാല്‍ അസൂയപ്പെടാതെ അവരില്‍നിന്ന് പഠിക്കാന്‍ കഴിയുമോ? നമ്മളെ തിരുത്തുന്ന ഒരു വാക്ക് കേട്ടാല്‍ പ്രതിരോധിക്കാതെ അതില്‍ സത്യമുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയുമോ? അവിടെയാണ് പഠനത്തിന്റെ യഥാര്‍ഥ സത്തയും സൗന്ദര്യവും കുടികൊള്ളുന്നത്.
കൃഷ്ണന്റെ ഗുരുകുലവാസം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അറിവേറിയിരിക്കുമ്പോഴും ഉത്തമ ശിഷ്യനായിരിക്കാന്‍ കഴിയുന്ന എളിമ വേണം എന്നതാണ്.
കൃഷ്ണസ്പര്‍ശം:
അറിവ് വളരുമ്പോള്‍ അഹങ്കാരം വളരാതിരിക്കണം. അറിയാനുള്ള മനസ്സാണ് യഥാര്‍ഥ ജ്ഞാനത്തിന്റെ അധിഷ്ംാനം.















