
ന്യൂദല്‍ഹി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്‍ഡ്’ ത്രിദിന ദേശീയ കോണ്‍ക്ലേവ് ആത്മീയ പങ്കാളിയായി കാലടി ശ്രീ ശൃംഗേരി ശങ്കര മഠവും.
കോണ്‍ക്ലേവ് ഭാഗമായി കഴിഞ്ഞ ദിവസം ജന്മഭൂമിയുടെ ഔദ്യോഗിക പ്രതിനിധികള്‍ ആദിശങ്കര ജന്മഭൂമി ക്ഷേത്രം, ശ്രീ ശൃംഗേരി ശങ്കര മഠം, കാലടി മേധാവി പ്രൊഫ. പി.വി. രാജരാമനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ കോണ്‍ക്ലേവ് ഭാഗമായി മഠത്തെ ആത്മീയ പങ്കാളിയാകാന്‍ ജന്മഭൂമി പ്രതിനിധികള്‍ ക്ഷണിച്ചു. ശൃംഗേരി മഠം ക്ഷണം സ്വീകരിച്ചു.
ശൃംഗേരി മഠം പങ്കാളിയാകുന്നതോടെ കോണ്‍ക്ലേവിന് കൂടുതല്‍ വിപുലമായ ആത്മീയ-സാംസ്‌കാരിക പിന്തുണ ലഭിക്കും. മഠത്തിന്റെ പൈതൃകം, പ്രവര്‍ത്തനങ്ങള്‍, ദൃശ്യ-വിവര സമ്പത്തുകള്‍ എന്നിവ കോണ്‍ക്ലേവിന്റെ വിവിധ വേദികളില്‍ അവതരിപ്പിക്കുന്നതിനും ഇതിലൂടെ അവസരമൊരുങ്ങും.
സപ്തംബര്‍ 18 മുതല്‍ 20 വരെ കൊച്ചി ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററിലാണ് ത്രിദിന ദേശീയ കോണ്‍ക്ലേവ്. 18ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. 19നും, 20നും കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ റാം മേഘ്വാളിന്റെയും സര്‍ബാനന്ദ സോനോവാളിന്റെയും സാന്നിധ്യവും കോണ്‍ക്ലേവിലുണ്ടാകും.