
ബെംഗളൂരു : ബെംഗളൂരു-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടന്നു. രാവിലെ 6.05-ന് യശ്വന്തപുര സ്റ്റേഷനിൽനിന്ന് ട്രെയിന്‍ പുറപ്പെട്ടു. ഉച്ചയ്‌ക്ക് 2.25-ന് മംഗളൂരു സെൻട്രലിലെത്തും. യാത്രയ്‌ക്കിടെ ഹാസൻ, സകലേശ്പുര, സുബ്രഹ്മണ്യ റോഡ് എന്നിവിടങ്ങളിൽ നിർത്തും. വൈകീട്ട് മൂന്നിന് മംഗളൂരു സെൻട്രലിൽനിന്ന് മടക്കയാത്ര ആരംഭിക്കും. രാത്രി 11 ന് യശ്വന്തപുരയിൽ തിരിച്ചെത്തും. പരീക്ഷണയോട്ടത്തിൽ ഹാസൻ, സകലേശ്പുര, സുബ്രഹ്മണ്യ റോഡ് എന്നീ സ്റ്റേഷനുകളിൽ 5 മിനിറ്റു വീതം നിർത്തും.
ചുരം മേഖലയിലെ ദുർഘടപ്പാതയുൾപ്പെടുന്ന റൂട്ടിൽ സുരക്ഷയ്‌ക്കായി ഓട്ടമാറ്റിക് എമർജൻസി ബ്രേക്കിങ് സംവിധാനം ഘടിപ്പിച്ച 16 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിന്‍ ആണ് പരീക്ഷണയോട്ടം നടത്തുന്നത്. 363 കിലോമീറ്റർ ദൂരമാണ് യാത്രയ്‌ക്കുള്ളത്. നേരത്തെ സകലേശ്പുര മുതൽ സുബ്രഹ്മണ്യ റോഡ് വരെയുള്ള ദുർഘടപ്പാതകളില്‍ പരീക്ഷണയോട്ടം വിജയകരമായി നടത്തിയിരുന്നു. 55 കിലോമീറ്റർ ചെരിവുകളിലൂടെ കടന്നുപോകുന്ന പാതയിൽ 57 തുരങ്കങ്ങളും 250 പാലങ്ങളും 108 വളവുകളുമെല്ലാം ഉണ്ട്.