ന്യൂദല്‍ഹി: 3800ല്‍ അധികം കുട്ടികളെ ബാലവേലയില്‍ നിന്നും കുട്ടിക്കടത്തില്‍ നിന്നും കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം മോചിപ്പിച്ചു. 575ല്‍ അധികം എഫ്ഐആറുകളും രജിസ്റ്റര്‍ ചെയ്തു. ബാലവേലയും കുട്ടികളെ കടത്തും തടയുന്നതിന്റെ ഭാഗമായി നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍സിപിസിആര്‍) നടത്തിയ പാന്‍- ഇന്ത്യ രക്ഷാ- പുനരധിവാസ കാമ്പയിന്റെ ഭാഗമായാണ് കുട്ടികളെ മോചിപ്പിച്ചത്.
ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെയും കടത്തിനും ചൂഷണത്തിനും ഇരയാകുന്നവരെയും തിരിച്ചറിയുന്നതിനും രക്ഷപ്പെടുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കഴിഞ്ഞ ജൂണ്‍ 12നാണ് രാജ്യവ്യാപക കാമ്പയിന്‍ ആരംഭിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, മജിസ്‌ട്രേറ്റുമാര്‍, പോലീസ് തുടങ്ങിയവരുടെ പങ്കാളിത്തത്തില്‍ 60 ദിവസത്തിനുള്ളിലാണ് 3800ല്‍ അധികം കുട്ടികളെ മോചിപ്പിക്കാനായത്.
ബാലവേലയും ബാലക്കടത്തും കൂടുതലായി കാണപ്പെട്ട സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപിസിആര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍, രക്ഷപ്പെടുത്തിയ കുട്ടികള്‍, രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍, പുനരധിവാസം, വിദ്യാഭ്യാസ മുഖ്യധാരയിലേക്ക് കൊണ്ടുവരല്‍, നഷ്ടപരിഹാരം, മറ്റ് തുടര്‍നടപടികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പതിവായി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.











