World

നേപ്പാൾ ദുരന്തം; ത്രിശൂലി തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് എഞ്ചിനീയർമാരെ രക്ഷപ്പെടുത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയമുണ്ടായി പത്താം നാള്‍ രണ്ട് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ത്രിശൂലി 3 ‘എ’ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് എഞ്ചിനീയർമാരെയാണ് രക്ഷപ്പെടുത്തിയത്. തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരും ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷ ഇതോടെ വർധിച്ചിരിക്കുകയാണ്.

മെക്കാനിക്കൽ എഞ്ചിനീയർമാരായ സഞ്ജയ് സാഹ (30), കബീർ മഹാർജൻ (45) എന്നിവരെയാണ് ഇന്ന് രാവിലെ രക്ഷപ്പെടുത്തിയത്. തുരങ്കത്തിനുള്ളിൽ ഇനിയും കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. തുരങ്കത്തിനുള്ളിൽ 170 മീറ്റർ താഴ്ചയിലാണ് രക്ഷപ്പെടുത്തിയ രണ്ട് പേരെയും കണ്ടെത്തിയതെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നേപ്പാൾ സൈന്യത്തിന്റെ വക്താവ് അറിയിച്ചു.

ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും നിരവധി തൊഴിലാളികളെ കാണാതാവുകയും ചെയ്തിരുന്നു.

സാഹയെ പുറത്തെത്തിച്ച ശേഷം രക്ഷാപ്രവർത്തകർ ഓക്സിജൻ നൽകിയതായി നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ സുരേഷ് റാവത്ത് പറഞ്ഞു. ഈ വാർത്തയ്‌ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും മറ്റുള്ളവരെയും ജീവനോടെ രക്ഷപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷ വർധിച്ചെന്നും സാഹയുടെ സഹപ്രവർത്തകനായ സുരേഷ് ചൗധരി പറഞ്ഞു.

കഴിഞ്ഞ ആഴ്ച നദിയിലൂടെ കുത്തിയൊലിച്ചെത്തിയ കല്ലും മണ്ണും ചെളിയും പ്രദേശത്തെ ഭൂരിഭാഗം ജലവൈദ്യുത പദ്ധതികളും തകർത്തിരുന്നു. അപ്പർ ത്രിശൂലി 3എ കേന്ദ്രത്തിൽ, തുരങ്കത്തിന്റെ കവാടം കട്ടിയുള്ള ചെളികൊണ്ട് മൂടിയതിനാൽ തുരങ്കങ്ങൾ കണ്ടെത്തുന്നതിന് തന്നെ രക്ഷാപ്രവർത്തകർക്ക് ആറ് ദിവസത്തോളം വേണ്ടിവന്നിരുന്നു.

തുരങ്കത്തില്‍ ഇനിയും ജീവനോടെ ആളുകള്‍ ഉണ്ടാകാമെന്ന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ് രക്ഷാപ്രവര്‍ത്തര്‍. കഴിഞ്ഞ മാസം 26-ാം തിയതിയാണ് നേപ്പാളില്‍ മിന്നല്‍ പ്രളയമുണ്ടാകുന്നത്. 40 തൊഴിലാളികളാണ് അന്ന് തുരങ്കത്തില്‍ കുടുങ്ങിയതെന്നാണ് വിവരം. ഇനിയും പലരും ജീവനോടെ ഉണ്ടാകാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കൂടുതല്‍ ആളുകളുടെ ശബ്ദം തുരങ്കത്തില്‍ നിന്ന് കേള്‍ക്കുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. 900ലേറെ തൊഴിലാളികള്‍ നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികള്‍ക്കായി ജോലി ചെയ്ത് വരികയായിരുന്നു. ഇതില്‍ 500ഓളം പേരെങ്കിലും തുരങ്കങ്ങളില്‍ കുടുങ്ങിയിരിക്കാമെന്നാണ് സംശയം.

Recent Posts