
തൃക്കാക്കര: കോളജിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ കെഎസ്‌യു നേതാവ് പിടിയില്‍.
തൃക്കാക്കര ഭാരത് മാതാ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി ശ്രീഹരിയാണ് പിടിയിലായത്. 2025 ഡിസംബര്‍ 1 മുതല്‍ 2026 സപ്തംബര്‍ 2 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കെഎസ്യു യൂണിറ്റ് മീഡിയ കോ-ഓര്‍ഡിനേറ്ററും വീഡിയോ എഡിറ്ററുമാണ് ശ്രീഹരി എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കോളജ് പ്രോഗ്രാമുകളുടെ വീഡിയോ ഷൂട്ട് ചെയ്യുകയും ഇതില്‍ നിന്ന് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ടെലിഗ്രാമിലൂടെയാണ് പ്രചരിപ്പിച്ചത്. അന്വേഷണത്തില്‍ ഇയാളുടെ മൊബൈലില്‍ നിന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശ്രീഹരിയെ കോളജില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് പോലീസ് കേസുമെടുത്തു.
സംഭവം പുറത്തറിഞ്ഞെങ്കിലും തുടര്‍ന്ന് കാര്യമായ നടപടിയുണ്ടായില്ല. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും പ്രതികളെ സംരക്ഷിക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുകയാണെന്നും പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ കുറ്റകൃത്യത്തില്‍ പങ്കാളിയായ ഒരു വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചു. പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
വിദ്യാര്‍ത്ഥി പ്രതിനിധികളും പോലീസും കോളജ് അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരം അവസാനിച്ചതിന് തൊട്ടുപിന്നാലെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയായ ശ്രീഹരിയെ കോളജില്‍ നിന്ന് പുറത്താക്കുമെന്നും ഉപരോധ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും ഉണ്ടാകില്ലെന്നും കോളജ് അധികൃതര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.