Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട് : മഹാത്മാ അയ്യങ്കാളി അനുസ്മരണ സമിതിയുടെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള നാലാമത് അയ്യങ്കാളി പുരസ്‌കാരത്തിന് മൂവാറ്റുപുഴ സ്വദേശിയും അധ്യാപകനുമായ ജോബി ബാലകൃഷ്ണനെ തെരഞ്ഞെടുത്തതായി അവാർഡ് ജൂറി കമ്മറ്റി അംഗങ്ങളായ ഗുരുവായൂരപ്പൻ കോളജ് മലയാള ഗവേഷണ വിഭാഗം തലവൻ പ്രൊഫ്. ശ്രീശൈലം ഉണ്ണികൃഷ്‌ണൻ, സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ വത്സൻ നെല്ലിക്കോട്, ഗുരുവായൂരപ്പൻ കോളെജ് റിട്ട. പ്രിൻസിപ്പാൾ പ്രൊഫ. സുമതി ഹരിദാസ് എന്നിവർ അറിയിച്ചു.

പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് 2026 സെപ്തംബർ 25 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീ നാരായണ ഗുരുവരാശ്രമത്തിൽ വെച്ച് നടക്കുന്ന മഹാത്മാ അയ്യങ്കാളി അനുസ്‌മരണ സമ്മേളനത്തിൽ വെച്ച് ചാത്തന്നൂർ എംഎൽഎയും ബിജെപി നിയമസഭാ കക്ഷി നേതാവുമായ ബി. ബി ഗോപകുമാർ സമർപ്പിക്കും. എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.

വിദ്യാഭ്യാസ വകുപ്പിൽ എറണാകുളം നഗരത്തിൽ അധ്യാപകനായി പി.എസ്.സി നിയമനം ലഭിച്ചെങ്കിലും അട്ടപ്പാടി ആദിവാസി മേഖലയിലെ സർക്കാർ എൽ.പി സ്‌കൂളിലേക്ക് സ്വമേധയാ ട്രാൻസ്ഫർ വാങ്ങി ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി നൽകിയ സേവനങ്ങളും സമഗ്രമായ സംഭാവനകളും വിലയിരുത്തിയാണ് 68 ഓളം നാമ നിർദ്ദേശങ്ങളിൽ നിന്നും അവാർഡിനായി ജോബി ബാലകൃഷ്‌ണനെ തെരഞ്ഞെടുത്തത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ കീഴിൽ ഉള്ള ദേശീയ അദ്ധ്യാപക പരിശീലന സമിതി ( National Council for Teacher Education ,NCTE , New Delhi) ജനറൽ കൗൺസിൽ മുൻ അംഗം, കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ( NCERT – National Council for Educational Research & Training, New Delhi ) പാഠ്യപദ്ധതി – പാഠ പുസ്തക നിർമ്മാണ സമിതിയംഗം, SCERT യുടെ ടീച്ചർ റിസർച്ചർ പ്രോഗ്രാമിന്റെ ഭാഗമായി ട്രൈബൽ മേഖലയിൽ പ്രാദേശിക പ്രത്യേകതകളിലൂന്നിയ ബോധന സമീപന സാധ്യതയിൽ ഗവേഷണം, വിവേകാനന്ദ ലേണിംഗ് ആൻഡ് സെവലപ്മെൻ്റ് ഫൗണ്ടേഷന്റെ (വി- ലീഡ് ഫൗണ്ടേഷൻ) ക്രിയേറ്റീവ് അക്കാദമിക് അഡ്വൈസർ, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷനും വി- ലീഡ് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന Propel-Programme for Promotion of Education and Leadership എന്ന ട്രൈബൽ സ്റ്റുഡൻ്റ് മെൻ്ററിംഗ് പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടർ, അദ്ധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, മോട്ടിവേഷനൽ ട്രെയിനർ, പ്രഭാഷകൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം ജോബി ബാലകൃഷ്ണൻ നടത്തി വരുന്നു.

തിരുവല്ല ആദിമുനി യോഗ കേന്ദ്രത്തിന്റെ 2026 ലെ ആചാര്യ രത്‌ന പുരസ്കാരം തമിഴക ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എജ്യൂക്കേഷനൽ റിസർച്ച് ആൻഡ് അഡ്വാൻസ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള 2023 ലെ ആസിരിയർ സെമ്മാൾ അവാർഡ് (Best Teacher Award) എന്നിവ ലഭിച്ചിട്ടുണ്ട്. SCERT യിൽ നിന്ന് ടീച്ചർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാം (TTP) എന്ന പദ്ധതിയിലൂടെ പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപക പരിശീലകനാണ്.

കൂടാതെ ബാംഗ്ലൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് പ്രത്യേക പരിശീലനം, മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷനിൽ നിന്ന് പ്രത്യേക പരിശീലനം, തിരുവനന്തപുരം ഗവ: ലോ കോളേജിൽ നിന്ന് നിയമ ബിരുദം, മുവാറ്റുപുഴ ഗവ: ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ടിടിസി, ഇഗ്നൗവിൽ നിന്ന് എം.എ എജ്യൂക്കേഷൻ എന്നീ ബിരുദങ്ങൾ എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ അട്ടപ്പാടിയിലെ മേലേ മുള്ളി എന്ന വനവാസി ഊരിലെ ഗവ: എൽപി സ്ക്കൂളിൽ പഠിപ്പിക്കുന്നു. സർക്കാരിനോട് പ്രത്യേകം അപേക്ഷിച്ച് വാങ്ങിയതായിരുന്നു ഈ സ്ഥലം മാറ്റം.

1987 -ലെ സമ്പൂർണ്ണ സാക്ഷരതാ യജ്ഞം മുതൽ വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്ന വിദ്യാഭ്യാസ പ്രവർത്തകനാണ്. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് 200-ൽ അധികം പ്രഭാഷണങ്ങൾ, നിരവധി സെമിനാറുകൾ എന്നിവക്ക് നേതൃത്വം നൽകിയിട്ടുണ്ട്.ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി പൊതു വിദ്യാഭ്യാസ കരിക്കുലം , അദ്ധ്യാപക പരിശീലന കരിക്കുലം എന്നിവ രൂപീകരിക്കുന്നതിനുള്ള ചർച്ചകളിലും ശിൽപശാലകളിലും സജീവ പങ്കാളിത്തം വഹിക്കുന്നു.ശ്രീരാമകൃഷ്ണ മിഷൻ വോളൻ്റിയറാണ്. സ്വാമി വിവേകാനന്ദനെക്കുറിച്ച് കേരളത്തിൽ 150-ൽ അധികം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

മുവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ എറണാകുളത്ത് തൃക്കാക്കരയിലാണ് സ്ഥിരതാമസം. ഭാര്യ, അഡ്വ. മഹേശ്വരി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയും ലക്ഷദ്വീപ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗവുമാണ്. മക്കളായ നിരഞ്ജന കിഷൻ , ദൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാല വിദ്യാർത്ഥിനിയും നിവേദിത കിഷൻ, കേന്ദ്രീയ വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.

Recent Posts