
ന്യൂദൽഹി: പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ കണക്കിലെടുത്ത്, സെപ്റ്റംബർ 5 ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ദൽഹി പോലീസ് ആസ്ഥാനത്തേക്ക് നടത്താനിരുന്ന മാർച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) റദ്ദാക്കി. ഇക്കാര്യം പാർട്ടി വക്താവ് സൗരവ് ദാസ് സുപ്രീംകോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് സൗരവ് ദാസ് ഹാജരായത്. സിജെപിയുടെ ഔദ്യോഗിക പ്രസ്താവന കോടതിയിൽ വായിച്ച അദ്ദേഹം, കേസ് പിൻവലിക്കലുമായി ബന്ധപ്പെട്ട് കേന്ദ്രം സ്വീകരിച്ച അനുകൂല തീരുമാനങ്ങളെ തുടർന്നാണ് മാർച്ച് റദ്ദാക്കുന്നതെന്ന് വ്യക്തമാക്കി.
സിജെപിയുടെ സഹ-കൺവീനർ എന്ന നിലയിൽ, ഇന്ത്യൻ സർക്കാരിന്റെ നല്ല ഉറപ്പുകൾ, ജുഡീഷ്യറിയുടെ പവിത്രത, ഈ കോടതി പാസാക്കിയ ഉത്തരവ് എന്നിവ കണക്കിലെടുത്ത്, സെപ്റ്റംബർ 5 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാർച്ചിനുള്ള ആഹ്വാനം പിൻവലിക്കുന്നത് ഉചിതമാണെന്ന് സിജെപി കരുതുന്നുവെന്നും ഇന്നത്തെ ഉത്തരവ് പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൗരവ് ദാസ് വ്യക്തമാക്കി. നിർദ്ദിഷ്ട മാർച്ചിനെതിരെ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് തൊട്ടടുത്ത ദിവസമാണ് പാർട്ടിയുടെ ഈ പുതിയ തീരുമാനം പുറത്തുവന്നത്.
സിജെപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ഇരുപക്ഷവും പരസ്പര വിശ്വാസം പ്രകടിപ്പിച്ചാൽ, എല്ലാ പ്രശ്നങ്ങളും ഒന്നൊന്നായി പരിഹരിക്കാൻ കഴിയും. തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ കഴിയാത്തത്ര ബുദ്ധിമുട്ടുള്ളതായി ലോകത്ത് ഒന്നുമില്ലെന്നും വ്യക്തമാക്കി. കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു സിജെപി മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്.
ദൽഹിയിലും മറ്റ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധങ്ങളിൽ ഉൾപ്പെട്ടവർക്കെതിരായ കേസുകൾ പിൻവലിക്കാനും, ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും സർക്കാർ സമ്മതിച്ചിരുന്നു. എന്നിരുന്നാലും, വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് സിജെപി ആരോപിച്ചിരുന്നു.