കയ്‌റോ: കാറിന്റെ എയർ കണ്ടീഷനിങ് സിസ്റ്റത്തിൽ നിന്ന് ഫ്രിയോൺ വാതകം ചോർന്നതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ ശ്വാസംമുട്ടി മരിച്ചു. ഈജിപ്തിലെ ഓൾഡ് കയ്‌റോ കോർണിഷിലെ റിങ് റോഡിന് സമീപമാണ് സംഭവം. ഓൾഡ് കയ്‌റോയിലെ സെയ്തൂൻ സ്വദേശികളായ 66-കാരനായ പിതാവ്, 55-കാരിയായ ഭാര്യ, 25-കാരിയായ മകൾ എന്നിവരാണ് മരിച്ചത്.
യാത്രയ്‌ക്കിടെ മകൾക്ക് പെട്ടെന്ന് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടു. തുടർന്ന് പിതാവ് വാഹനം റോഡരികിൽ ഒതുക്കി നിർത്തുകയും, മാതാവും പിതാവും ചേർന്ന് മകളെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മിനിറ്റുകൾക്കകം മാതാവിനും തുടർന്ന് പിതാവിനും സമാനമായ അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. എയർ കണ്ടീഷനർ പ്രവർത്തിപ്പിച്ചുകൊണ്ട് അടച്ചിട്ട കാറിനുള്ളിൽ തന്നെ തുടർന്നതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്.
കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് സഹോദരനും മകനും നടത്തിയ തിരച്ചിലിലാണ് കാർ കണ്ടെത്തിയത്. ബന്ധുകൾ സ്ഥലത്തെത്തിയപ്പോൾ കാറിനുള്ളിൽ മൂവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ എയർ കണ്ടീഷനറിലെ ഫ്രിയോൺ വാതക ചോർച്ചയാണ് മരണകാരണമെന്നാണ് നിഗമനം.
















