ഇടുക്കി:വാനര ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് വള്ളക്കടവിലെ നാട്ടുകാര്‍.വീട്ടു പറമ്പിലെ കൃഷി നശിപ്പിച്ചു രസിച്ചിരുന്ന വാനരന്‍മാര്‍ ഇപ്പോള്‍ കൂട്ടത്തോടെ വീടുകള്‍ക്കുളളിലേക്കും കടന്നു കയറുന്നുണ്ട്.
ഏലം കൃഷിയും കുരങ്ങുകള്‍ നശിപ്പിക്കുന്നത് കര്‍ഷകരെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്.
വന അതിര്‍ത്തിയോടു ചേര്‍ന്നുളള പ്രദേശമായ വള്ളക്കടവ് ഉള്‍പ്പെടെ സ്ഥലങ്ങളിലാണ് ഏറെ ശല്യം. കുരങ്ങുകള്‍ വീടുകളില്‍നിന്ന് ചെറിയ വസ്തുക്കള്‍, ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ എടുത്തുകൊണ്ടുപോകുന്നത് നേരത്തെയും പതിവായിരുന്നു.എന്നാല്‍, കഴിഞ്ഞ ദിവസം വള്ളക്കടവ് മേഖലയില്‍ കൂട്ടത്തോടെ എത്തിയ സംഘം ഏലം കൃഷി നശിപ്പിച്ചു.
വീടുകള്‍ക്കുള്ളിലും വ്യാപക നാശം ഉണ്ടാക്കി.കുട്ടികള്‍ക്കുളള തൊട്ടിലില്‍ കയറി ആടിയും കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നശിപ്പിച്ചും കുരങ്ങന്മാര്‍ രസിച്ചു.ചില വീട്ടുസാധനങ്ങള്‍ എടുത്തുകൊണ്ടു പോയി.
വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കാട്ടാന ശല്യവും ഇപ്പോള്‍ വള്ളക്കടവ് മേഖലയിലുണ്ട്.











