
ന്യൂപോര്‍ട്ട്: ഇതിഹാസ ടെന്നിസ് താരം റോജര്‍ ഫെഡററെ ഇന്റര്‍നാഷണല്‍ ടെന്നിസ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ആദരിച്ചു. റോഡ് ഐലന്‍ഡിലെ ന്യൂപോര്‍ട്ടില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഹാള്‍ ഓഫ് ഫെയിം അംഗത്വം സ്വീകരിച്ച് സംസാരിക്കവെ സ്വിസ് ഇതിഹാസം പലതവണ വികാരാധീനനായി കണ്ണീരണിഞ്ഞു.
തന്റെ കരിയറിലെ ഉയര്‍ച്ചതാഴ്ചകളില്‍ ഒപ്പം നിന്ന ഭാര്യ മിര്‍ക്ക ഫെഡററെയും മുന്‍ കോച്ച് സെവെറിന്‍ ലുത്തിയെയും പരാമര്‍ശിച്ചപ്പോഴാണ് 45കാരനായ ഫെഡറര്‍ വിതുമ്പിയത്. പുരുഷ സിംഗിള്‍സില്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ആദ്യ താരമായ റോജര്‍ ഫെഡറര്‍, തുടര്‍ച്ചയായി 237 ആഴ്ചകള്‍ ലോക ഒന്നാം നമ്പര്‍ താരമായി തുടര്‍ന്ന് റെക്കോര്‍ഡിട്ടിട്ടുണ്ട്. എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങളും ആറ് ഓസ്‌ട്രേലിയന്‍ ഓപ്പണും അഞ്ച് യു.എസ് ഓപ്പണും ഒരു ഫ്രഞ്ച് ഓപ്പണും ഉള്‍പ്പെടെ കരിയര്‍ ഗ്രാന്‍ഡ് സ്ലാം തികച്ച ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അദ്ദേഹം.