ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിക്കേസര രാഹുല്‍ ഗാന്ധിയ്‌ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന രീതിയില്‍ ഗാന്ധി കുടുംബം കണ്ട സ്വപ്നം പൊലിയുകയാണ്. തമിഴ്നാട്ടില്‍ സ്റ്റാലിനെ ഒറ്റി ടിവികെയ്‌ക്കൊപ്പം മന്ത്രിസഭ രൂപീകരിക്കാന്‍ പങ്കാളിയായ കോണ്‍ഗ്രസിന് കൈ പൊള്ളുന്നു. ഇപ്പോള്‍ ടിവികെ രാഹുല്‍ ഗാന്ധിക്ക് പകരം വിജയിനെതന്നെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയതോടെ കോണ്‍ഗ്രസിന് തന്നെ കൈപൊളളിയിരിക്കുകയാണ്.
ഒരു കാലത്ത് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിച്ച ആദ്യനേതാവായിരുന്നു സ്റ്റാലിന്‍. ആ സ്റ്റാലിനെയാണ് രാഹുല്‍ ഗാന്ധി ചതിച്ചത്. തമിഴ്നാട്ടില്‍ ഡിഎംകെയുടെ സഖ്യകക്ഷിയായിരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നേടിയ ശേഷം ടിവികെയുമായി സഖ്യമുണ്ടാക്കുകയായിരുന്നു. മന്ത്രിസഭ രൂപീകരിച്ച വിജയ് കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം നല്‍കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ നടന്‍ വിജയിനെ പ്രധാനമന്ത്രിയായി ടിവികെ ഉയര്‍ത്തിക്കാട്ടുന്നത് രാഹുല്‍ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനും വലിയ തലവേദനയായിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനം രാഹുല്‍ ഗാന്ധിയ്‌ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന വിശ്വാസത്തിന് കോട്ടം തട്ടിയിരിക്കുന്നു.
















