
ന്യൂദല്‍ഹി: ഇന്നാരംഭിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ് റിപ്പബ്ലിക് സന്ദര്‍ശനത്തിന് പ്രാധാന്യമേറെ. ഇന്നും നാളെയും ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയേവുമായി ചര്‍ച്ചകള്‍ നടത്തും.
വ്യാപാരം, നിക്ഷേപം, ബഹിരാകാശം, പ്രതിരോധം, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഊര്‍ജം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, നിര്‍ണായക ധാതുക്കള്‍, ആരോഗ്യ സംരക്ഷണം എന്നിവ ചര്‍ച്ചകളില്‍ ഉള്‍പ്പെടും. വികസിത് ഭാരത് -2047, ഉസ്ബെക്കിസ്ഥാന്‍-2030 എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പദ്ധതികളും ഇരുവരും ചര്‍ച്ചചെയ്യും. താഷ്‌കെന്റിലെ ശാസ്ത്രി സ്മാരകവും താഷ്‌കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസിലെ മഹാത്മാഗാന്ധി സെന്ററും പ്രധാനമന്ത്രി സന്ദര്‍ശിക്കും. മിര്‍സിയോയേവ് ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും മോദി പങ്കെടുക്കും.
31 മുതല്‍ സപ്തംബര്‍ ഒന്നു വരെ പ്രധാനമന്ത്രി കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബിഷ്‌കെക്കിലെത്തും. അവിടെ 26-ാമത് എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കും. 31ന് നേതാക്കള്‍ക്കായുള്ള അത്താഴവും സപ്തംബര്‍ ഒന്നിന് ഉച്ചകോടി പ്ലീനറിയും നടക്കും. പ്ലീനറി സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. എസ്സിഒ ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചകളും നടത്തും. മാറിക്കൊണ്ടിരിക്കുന്ന ആഗോള സുരക്ഷാ സാഹചര്യവും ഭീകരവാദം ഉള്‍പ്പെടെയുള്ള വെല്ലുവിളികളും ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകും. എസ്സിഒ സ്ഥാപിതമായതിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ ഉച്ചകോടി. 2005 മുതല്‍ നിരീക്ഷക പദവി വഹിച്ചിരുന്ന ഭാരതം 2017 മുതല്‍ പൂര്‍ണ അംഗമാണ്. ബിഷ്‌കെക്കില്‍ നടക്കുന്ന ആറാമത് ലോക നോമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലും മോദി പങ്കെടുക്കും.