ചെന്നൈ: ന്യൂനപക്ഷ വിഭാഗങ്ങൾക്കായി വിവിധ പദ്ധതികളും സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടുന്ന മുസ്ലിം പെൺകുട്ടികളുടെ ബിരുദ പഠനത്തിന്റെ ട്യൂഷൻ ഫീസ് പൂർണ്ണമായും സർക്കാർ വഹിക്കും. സൗജന്യ ഉന്നതവിദ്യാഭ്യാസം, സ്കോളർഷിപ്പ്, തൊഴിൽ പരിശീലനം, പുതിയ കോളേജ് ഉൾപ്പെടെയുള്ള സമഗ്ര ക്ഷേമപദ്ധതികളാണ് നിയമസഭയിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രി എഎം ഷാജഹാൻ പ്രഖ്യാപിച്ചത്.
സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കായി ആദ്യഘട്ടത്തിൽ 20 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
ഇതിനുപുറമെ ഒന്ന് മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ നൽകിയിരുന്ന വഖഫ് ബോർഡ് സ്കോളർഷിപ്പ് 9, 10 ക്ലാസുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. പ്രതിവർഷം 2,000 രൂപ വീതം ലഭിക്കുന്ന പദ്ധതിയിലൂടെ 41,384 വിദ്യാർഥിനികൾക്ക് പ്രയോജനം ലഭിക്കും. ചെന്നൈയിൽ ന്യൂനപക്ഷ വനിതകൾക്കായി പുതിയ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിക്കാനും തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ന്യൂനപക്ഷ യുവാക്കളുടെ നൈപുണ്യ വികസനത്തിനായി അടുത്ത നാല് വർഷത്തിനുള്ളിൽ 10,000 പേർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകും. മുസ്ലിം വഖഫ്, ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സ്ഥലങ്ങളിൽ വാണിജ്യ സമുച്ചയങ്ങളും കല്യാണമണ്ഡപങ്ങളും നിർമ്മിച്ച് വരുമാനമുണ്ടാക്കുന്നതിനായി 100 കോടി രൂപയുടെ പ്രത്യേക പലിശരഹിത വായ്‌പാ ഫണ്ടും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
















