
തൃശൂർ: സുകുമാരക്കുറുപ്പിന്റേതെന്ന പേരില്‍ പുറത്തുവന്ന പാസ്‌പോര്‍ട്ടിലെ ചിത്രങ്ങള്‍ തൃശൂര്‍ സ്വദേശി ദാമോദര മേനോന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കേരള പോലീസ്. ദാമോദര മേനോന്റെ പേരില്‍ കരുമത്രയില്‍ പത്ത് സെന്റ് ഭൂമിയുണ്ട്. ഇതിന്റെ അടക്കം രേഖകള്‍ പോലീസ് പരിശോധിച്ചിരുന്നു. പിന്നാലെയാണ് പുറത്തുവന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന പാസ്‌പോർട്ട് ചിത്രം ദാമോദർ മേനോന്റേതാണെന്ന് സഹോദരനും വെളിപ്പെടുത്തി. തൃശൂർ വടക്കാഞ്ചേരിക്കടുത്ത് കരുമത്ര മൂർക്കനാട്ട് സ്വദേശിയായ ദാമോദർ മേനോന്റെ ചിത്രമാണ് സുകുമാരക്കുറുപ്പിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് സഹോദരൻ കരുണാകരൻ (സുരേന്ദ്രൻ) മാധ്യമങ്ങളോട് പറഞ്ഞു.
ഏകദേശം 40 വർഷം മുൻപ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയ ദാമോദർ മേനോൻ നിലവിൽ ബ്രൂണെയിലാണ് താമസിക്കുന്നത്. കുടുംബവുമായി ഇപ്പോഴും ബന്ധപ്പെടാറുണ്ടെന്നും 35 വർഷമായി നാട്ടിലെത്തിയിട്ടില്ലെന്നും സഹോദരൻ പറഞ്ഞു. കേരളത്തിൽ പഠനം പൂർത്തിയാക്കിയ ശേഷം മധ്യപ്രദേശിലേക്കും തുടർന്ന് ലണ്ടനിലേക്കും പോയ ദാമോദർ മേനോൻ പിന്നീട് ബ്രൂണെയിലേക്ക് താമസം മാറ്റുകയായിരുന്നു. അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
ഏകദേശം ഒരു മാസം മുൻപ് പാസ്‌പോർട്ട് സംബന്ധിച്ച് ദാമോദർ മേനോൻ കുടുംബത്തെ ബന്ധപ്പെട്ടിരുന്നതായും സഹോദരൻ പറഞ്ഞു. അപകടത്തിൽപ്പെട്ട് ചികിത്സയിലാണെന്നാണ് അന്ന് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ദാമോദര മേനോന്റെ ചിത്രങ്ങളാണ് പ്രചരിച്ചത്.