പാലക്കാട്: മുണ്ടൂർ വേലിക്കാട് ഇന്ന് പുലർച്ചെ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ വൻ തീപിടിത്തത്തിൽ പൊള്ളലേറ്റ ഡ്രൈവർ മരിച്ചു. അറക്കപ്പൊടി കയറ്റിവന്ന ലോറിയുടെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പുലർച്ചെ നടന്ന അപകടത്തിൽ വാഹനത്തിന് തീപിടിച്ചതോടെ നസീറുദ്ദീന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു.
പുലർച്ചെ കൂട്ടിയിടിയുടെ വൻ ശബ്ദം കേട്ട് ഞെട്ടിയുണർന്ന സമീപവാസികൾ എത്തിയപ്പോൾ രണ്ട് ലോറികളും കത്തിക്കൊണ്ടിരിക്കുകയായിരുന്നു. എത്ര വണ്ടി ഉണ്ടെന്നോ എന്താണ് സംഭവിച്ചതെന്നോ ആദ്യം മനസ്സിലായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇവർ സ്ഥലത്തെത്തിയപ്പോൾ കണ്ടെയ്നർ ലോറിയിലെ ഡ്രൈവർ കത്തുന്ന വാഹനത്തിൽനിന്ന് സാഹസികമായി പുറത്തേക്ക് ചാടി നിലത്തുകൂടെ ഇഴഞ്ഞ് റോഡ് സൈഡിലേക്ക് വന്നു. ഉടൻ തന്നെ ആംബുലൻസിനെ വിളിച്ചുവരുത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.ഫയർഫോഴ്സ് സ്ഥലത്തെത്തി ലോറിയിലെ തീ അണച്ചിട്ടുണ്ട്.
















