
ന്യൂദല്‍ഹി: നവീകരിച്ച ഡാക് മിത്ര, ഡാക് സേവ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കി. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ഡോ. ചന്ദ്രശേഖര്‍ പെമ്മസാനിയും ചേര്‍ന്നാണ് ആപ്പുകള്‍ പുറത്തിറക്കിയത്. രാജ്യത്തുടനീളമുള്ള നവീകരിച്ച 14 പോസ്റ്റ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു.
തപാല്‍ വകുപ്പ് സമഗ്രമായ പരിവര്‍ത്തനത്തിന് വിധേയമാകുന്നതായി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. തപാല്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതും ഉപയോഗിക്കാന്‍ ലളിതവും എല്ലാ തലമുറയ്‌ക്കും പ്രാപ്യവുമാക്കുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധതയാണ് ഈ ആപ്പുകളിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ് ഓഫീസ് അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവത്കരണത്തോടൊപ്പം, ഇന്ത്യാ പോസ്റ്റിനെ കൂടുതല്‍ പൗരകേന്ദ്രീകൃതവും സാങ്കേതിക വിദ്യ പ്രാപ്തവുമാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പാണ് ഈ ആപ്പുകളെന്ന് സഹമന്ത്രി ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി പറഞ്ഞു. തപാല്‍വകുപ്പ് സെക്രട്ടറി സുബ്രത് ദാസ്, ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത, പ്രതിമ നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അഡ്വാന്‍സ്ഡ് പോസ്റ്റല്‍ ടെക്നോളജി പ്ലാറ്റ്‌ഫോമിന് കീഴില്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ പോസ്റ്റല്‍ ടെക്നോളജി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, നവീകരിച്ച ഡാക് മിത്ര (മൊബൈല്‍ ഇന്റര്‍ഫേസ് ഫോര്‍ ട്രാന്‍സാക്ഷന്‍സ് ആന്‍ഡ് റൂറല്‍ അസിസ്റ്റന്‍സ്) ആപ്ലിക്കേഷന്‍ 1.4 ലക്ഷത്തിലധികം ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുടെ ഏകീകൃത പ്രവര്‍ത്തന പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നു. ഡാക് സേവാ ആപ്പ് പൗരന്മാര്‍ക്ക് ട്രാക്കിങ്, ബുക്കിങ്, പരാതികള്‍, പോസ്റ്റ് ഓഫീസ്, പിന്‍കോഡ് ലൊക്കേറ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള തപാല്‍ സേവനങ്ങള്‍ നല്‍കുന്നു. 23 ഭാരതീയ ഭാഷകളെ ആപ്പ്് പിന്തുണയ്‌ക്കുന്നു.