മട്ടാഞ്ചേരി: പാകിസ്ഥാനില്‍ നിന്ന് പഞ്ചസാര ഇറക്കുമതിക്ക് ഭാരതം വിലക്കേര്‍പ്പെടുത്തി. സമ്പൂര്‍ണ തീരുവ രഹിത പഞ്ചസാര ഇറക്കുമതി പട്ടികയില്‍ നിന്നാണ് ഭാരതം പാകിസ്ഥാനെ ഒഴിവാക്കിയത്. ഉത്സവകാലാവശ്യങ്ങള്‍ക്കായി വിലവര്‍ധന പിടിച്ചുനിര്‍ത്താനായി ആഭ്യന്തര വിപണിയിലേക്കായി പത്ത് ലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയാണ് ഭാരതം ഇറക്കുമതി ചെയ്യുന്നത്.
പഞ്ചസാരമില്ലുകള്‍, സംസ്‌കരിക്കുന്നവര്‍ എന്നിവര്‍ക്കാണ് നിലവിലുള്ള നൂറുശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കിയിട്ടുള്ളത്. ഒക്ടോബര്‍ 31 നകം ഇറക്കുമതി നടത്തി പഞ്ചസാര പൊതുവിപണിയിലെത്തിക്കണം. ആഗോള വിപണിയില്‍ നിന്ന് വെള്ള പഞ്ചസാരയടക്കമുള്ളവ ഇറക്കുമതിക്ക് പ്രഖ്യാപനം നടത്തിയതോടെ ഭാരത വിപണി ലക്ഷ്യമിട്ട് പാകിസ്ഥാന്‍ പഞ്ചസാര ഉല്പാദകര്‍ ഒരു ലക്ഷം ടണ്‍ പഞ്ചസാരക്കായി ആഗോള ടെന്‍ണ്ടര്‍ ക്ഷണിച്ചിരുന്നു.
എന്നാല്‍ പാകിസ്ഥാനില്‍ നിന്ന് പഞ്ചസാര ഇറക്കുമതിക്ക് സമ്പൂര്‍ണ വിലക്കാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രസില്‍, ഫ്രാന്‍സ്, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നാണ് ഭാരതം പഞ്ചസാര ഇറക്കുമതി നടത്തുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് 2025 മെയ് മുതല്‍ പാകിസ്ഥാനില്‍ നിന്ന് എല്ലാ പ്രത്യക്ഷ- പരോക്ഷ ഇറക്കുമതിക്കും ഭാരതം പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പാക് പഞ്ചസാര വിലക്കിനെ വിദേശ കാര്യമന്ത്രാലയം ശരിവെച്ചു. പഞ്ചസാര ആഭ്യന്തര ഉല്പാദനത്തിലെ കുറവും, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിളനാശവും പൂഴ്‌ത്തിവെപ്പ് ശ്രമവും മൂലം ആഭ്യന്തര വിപണിയില്‍ പഞ്ചസാര ലഭ്യത കുറഞ്ഞിരുന്നു.
തുടര്‍ന്ന് മെയ് മുതല്‍ പഞ്ചസാര കയറ്റുമതി ഭാരതം നിരോധിക്കുകയും മൊത്ത വിതരണക്കാരടക്കമുള്ളവര്‍ക്ക് നീക്കിയിരിപ്പ് പരിധി 50 ശതമാനം കുറയ്‌ക്കുകയും ചെയ്തു.











