വ്യാപാര – നിര്‍മാണ മേഖലകളില്‍ ഇന്ത്യ ലക്ഷ്യമിടുന്ന ആഗോള വളര്‍ച്ചയ്‌ക്ക് കരുത്തുറ്റ തദ്ദേശീയ കണ്ടെയ്‌നര്‍ നിര്‍മാണ അടിത്തറ അത്യാവശ്യമാണ്. 10,000 കോടി രൂപ സാമ്പത്തിക വിഹിതത്തോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ള ‘കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി’, ഈ മേഖലയിലെ നിര്‍മാണം, നിക്ഷേപം, സാങ്കേതികവിദ്യാ വികസനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. കപ്പല്‍ ഗതാഗതം, തുറമുഖങ്ങള്‍, ചരക്കുനീക്കം തുടങ്ങിയ മേഖലകളിലെ സമഗ്ര പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഭാരതത്തിന്റെ സമുദ്ര ശേഷി ശക്തിപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തിന്റെ ദീര്‍ഘകാല വ്യാപാര മത്സരശേഷിയെ പിന്തുണയ്‌ക്കാനും ഈ പദ്ധതി സഹായിക്കും.
തദ്ദേശീയ കണ്ടെയ്‌നര്‍ നിര്‍മാണത്തിന്റെ ആവശ്യകത
ഇന്ന് ആഗോള വ്യാപാരം പ്രധാനമായും കണ്ടെയ്‌നര്‍ അധിഷ്ഠിത ചരക്കുനീക്കത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഐക്യരാഷ്‌ട്രസഭയുടെ വ്യാപാര-വികസന സമ്മേളനത്തിന്റെ കണക്കനുസരിച്ച്, ആഗോള ചരക്കുവ്യാപാരത്തിന്റെ 80 ശതമാനത്തോളവും കടല്‍മാര്‍ഗമാണ്. അന്താരാഷ്‌ട്ര വാണിജ്യത്തിന്റെ നട്ടെല്ലായ സമുദ്ര ഗതാഗതത്തിലൂടെയാണ് അന്താരാഷ്‌ട്ര വ്യാപാര മൂല്യത്തിന്റെ മൂന്നില്‍ രണ്ടും കൈമാറ്റം ചെയ്യപ്പെടുന്നത്. ആഗോള വിതരണ ശൃംഖലകളുടെ നിലനില്‍പ്പിന് കാര്യക്ഷമമായ കണ്ടെയ്‌നര്‍ ചരക്കുനീക്കം എത്രത്തോളം തന്ത്രപ്രധാനമാണെന്ന് ഇത് വ്യക്തമാക്കുന്നു.
സമീപകാലത്തുണ്ടായ ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഗതാഗത പാതകളിലെ മാറ്റങ്ങളും ആഗോള ചരക്കുനീക്കത്തിന്റെ പരിമിതികള്‍ തുറന്നുകാട്ടിയിട്ടുണ്ട്. ഇത്തരം തടസ്സങ്ങള്‍ വാടക നിരക്കുകളിലെ അസ്ഥിരതയ്‌ക്കും സമുദ്ര ഗതാഗത ശൃംഖലകളിലെ സമ്മര്‍ദത്തിനും കാരണമായതായാണ് നിരീക്ഷണം. ഇതിന്റെ ഫലമായി, ചരക്ക് കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ലോജിസ്റ്റിക്‌സ് ആസ്തികള്‍ സ്വന്തമായി നിര്‍മിക്കാന്‍ പല രാജ്യങ്ങളും മുന്‍ഗണന നല്‍കാന്‍ തുടങ്ങി.
ആഗോള നിര്‍മാണ രംഗത്തും അന്താരാഷ്‌ട്ര വ്യാപാരത്തിലും ഭാരതത്തിന്റെ പങ്കാളിത്തം വര്‍ധിച്ചതോടെ കണ്ടെയ്‌നറുകളുടെ ആവശ്യകതയും ഗണ്യമായി കൂടി. കയറ്റുമതി-ഇറക്കുമതി വ്യാപാരവും ലോജിസ്റ്റിക്‌സ് മേഖലയും അതിവേഗം വികസിക്കുന്നുണ്ടെങ്കിലും, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ശൂന്യമായ കണ്ടെയ്‌നറുകളെയാണ് ഭാരതം പ്രധാനമായും ആശ്രയിച്ചിരുന്നത്. ആഭ്യന്തര ആവശ്യങ്ങള്‍ക്കും പുനര്‍വിന്യാസത്തിനുമായി ഭാരതം പ്രതിവര്‍ഷം ഏകദേശം 20 ലക്ഷം ശൂന്യമായ കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ആഗോള വിപണിയിലെ മാറ്റങ്ങള്‍, നിരക്കുകളിലെ അസ്ഥിരത, തടസ്സങ്ങള്‍ എന്നിവ മൂലം കണ്ടെയ്‌നറുകളുടെ ലഭ്യത പ്രതിസന്ധിയിലാക്കുന്നു.
ഈ വെല്ലുവിളികള്‍ പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ‘കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി’ പ്രഖ്യാപിച്ചത്. തദ്ദേശീയ നിര്‍മാണവും മൂല്യശൃംഖലയിലെ നിക്ഷേപവും പ്രോത്സാഹിപ്പിച്ച് ഭാരതത്തില്‍ ആഗോള മത്സരശേഷിയുള്ള ഒരു നിര്‍മാണ അന്തരീക്ഷം വികസിപ്പിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ഇറക്കുമതി ആശ്രയത്വം കുറയ്‌ക്കാനും വിതരണ ശൃംഖലയെ ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്ന ഈ സംരംഭം, സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’, ‘മാരിടൈം അമൃത് കാല്‍ വിഷന്‍ 2047’, ബഹുതല ചരക്കുനീക്ക വികസനം എന്നിവയ്‌ക്കൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കും.
എന്താണ് കണ്ടെയ്‌നറുകള്‍?
ചരക്കുകള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുമ്പോള്‍ വീണ്ടും പാക്ക് ചെയ്യാതെ തന്നെ കപ്പലുകള്‍, റെയില്‍വേ, റോഡ് വാഹനങ്ങള്‍ എന്നിവയിലൂടെ സുഗമമായി കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഏകീകൃത സ്റ്റീല്‍ പെട്ടികളാണ് ചരക്ക് കണ്ടെയ്‌നറുകള്‍. അന്താരാഷ്‌ട്ര ഐഎസ്ഒ മാനദണ്ഡങ്ങള്‍ പ്രകാരം നിര്‍മിക്കുന്ന ഇവ സുഗമമായ ഗതാഗതവും കാര്യക്ഷമമായ ആഗോള വ്യാപാരവും സാധ്യമാക്കുന്നു. 20 അടി, 40 അടി വലുപ്പമുള്ള കണ്ടെയ്‌നറുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. കണ്ടെയ്‌നറുകളുടെ സംഭരണശേഷി അളക്കുന്നത് ‘ട്വന്റി-ഫൂട്ട് ഇക്വിവലന്റ് യൂണിറ്റ്’ (ടിഇയു) അടിസ്ഥാനമാക്കിയാണ്.
എന്താണ് കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി?
2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. സാമ്പത്തികവും സ്ഥാപനപരവുമായ പിന്തുണ നല്‍കി മത്സരശേഷിയുള്ള തദ്ദേശീയ കണ്ടെയ്‌നര്‍ നിര്‍മാണ വ്യവസായം സ്ഥാപിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
അഞ്ച് വര്‍ഷത്തേക്ക് 10,000 കോടി രൂപ വിഹിതം മാറ്റിവെച്ച ഈ പദ്ധതി, പുതിയ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും നിലവിലുള്ള യൂണിറ്റുകള്‍ വിപുലീകരിക്കാനും സാമ്പത്തിക സഹായം നല്‍കുന്നു.
പ്രതിവര്‍ഷം 7.5 ലക്ഷം ടിഇയു നിര്‍മാണ ശേഷി കൈവരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം; ഇത് നിലവിലെ ഉല്‍പ്പാദന ശേഷിയുടെ 10 മടങ്ങാണ്. ഭാരതത്തെ ആഗോളതലത്തില്‍ വിശ്വസനീയമായ കണ്ടെയ്‌നര്‍ ഉല്‍പ്പാദക രാജ്യമായി ഉയര്‍ത്തുന്നതിലൂടെ ഏകദേശം 80,000 കോടി രൂപയുടെ വിപണി അവസരം തുറന്നുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി നല്‍കുന്ന പ്രധാന സഹായങ്ങള്‍
പുതിയ ഗ്രീന്‍ഫീല്‍ഡ് നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് മൂലധന സഹായം. നിലവിലെ ബ്രൗണ്‍ഫീല്‍ഡ് നിര്‍മാണ യൂണിറ്റുകളുടെ വിപുലീകരണത്തിനുള്ള പിന്തുണ. പ്രവര്‍ത്തനക്ഷമതയും മത്സരശേഷിയും മെച്ചപ്പെടുത്താനുള്ള പിന്തുണ. പരിശോധനാ അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ വികസനം, ശേഷിവര്‍ധന എന്നിവയ്‌ക്കുള്ള സഹായം.
സംയോജിത സമുദ്ര ആവാസവ്യവസ്ഥയുടെ വികസനം
ഒരു സംയോജിത കണ്ടെയ്‌നര്‍ ആവാസവ്യവസ്ഥ ഒരുക്കുന്നതിനുള്ള വിശാല തന്ത്രത്തിന്റെ ഭാഗമാണ് ഈ പദ്ധതി. 2026 ഫെബ്രുവരിയില്‍ തുറമുഖ, കപ്പല്‍ ഗതാഗത, ജലപാത മന്ത്രാലയം ‘ഭാരത് കണ്ടെയ്‌നര്‍ ഷിപ്പിങ് ലൈന്‍’ സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖ അതോറിറ്റി, വി.ഒ. ചിദംബരനാര്‍ തുറമുഖ അതോറിറ്റി, സാഗര്‍മാല ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 51 കണ്ടെയ്‌നര്‍ കപ്പലുകളടങ്ങിയ കപ്പല്‍വ്യൂഹം വികസിപ്പിക്കുന്നതിലും തദ്ദേശീയ കണ്ടെയ്‌നര്‍ സംഭരണത്തിലുമായി ഏകദേശം 99,149 കോടി രൂപയുടെ നിക്ഷേപമാണ് വിഭാവനം ചെയ്യുന്നത്.
തദ്ദേശീയ ഉല്‍പ്പാദനം വര്‍ധിപ്പിച്ചും ഇറക്കുമതി ആശ്രയത്വം കുറച്ചും വിതരണ ശൃംഖലയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി, ഭാരതത്തെ ആഗോള സമുദ്ര നിര്‍മാണ-ചരക്കുനീക്ക കേന്ദ്രമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.
2025-ലെ ആഗോള കണ്ടെയ്‌നര്‍ തുറമുഖ പ്രകടന സൂചികയില്‍ മൂന്ന് ഇന്ത്യന്‍ തുറമുഖങ്ങള്‍ ലോകത്തെ മികച്ച 30 തുറമുഖങ്ങളില്‍ ഇടം നേടിയത് രാജ്യത്തിന്റെ നേട്ടങ്ങള്‍ക്ക് തെളിവാണ്.
തദ്ദേശീയ ഉല്‍പ്പാദനം വര്‍ധിപ്പിച്ചും ഇറക്കുമതി ആശ്രയത്വം കുറച്ചും വിതരണ ശൃംഖലയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി, ഭാരതത്തെ ആഗോള സമുദ്ര നിര്‍മാണ-ചരക്കുനീക്ക കേന്ദ്രമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.












