ലിസ്ബണ്‍: നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്തെത്തി. നാവികസേനയുടെ സമുദ്ര പര്യവേഷണ പദ്ധതിയായ ‘ലോകായന്‍ 26’ന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കപ്പല്‍ ലിസ്ബണില്‍ നങ്കൂരമിട്ടത്. ഭാരതത്തിന്റെ പരമ്പരാഗത നാവിക മികവ് വിളിച്ചോതി ടാഗസ് നദിയിലൂടെയാണ് സുദര്‍ശിനി ലിസ്ബണിലേക്ക് പ്രവേശിച്ചത്.
സന്ദര്‍ശന വേളയില്‍ പോര്‍ച്ചുഗീസ് നാവികസേനാ നേതൃത്വവുമായി കപ്പലിലെ ജീവനക്കാരും നാവിക വിദ്യാര്‍ത്ഥികളും ആശയവിനിമയം നടത്തും. ഇതിനുപുറമെ വിവിധ സാംസ്‌കാരിക പരിപാടികളിലും ഇവര്‍ പങ്കെടുക്കുന്നുണ്ട്. പ്രാദേശിക ഭരണാധികാരികളുമായും പോര്‍ച്ചുഗലിലെ പ്രവാസി ഭാരതീയരുമായും നാവികസംഘം കൂടിക്കാഴ്ച നടത്തും.
ഏഴു മാസം നീളുന്ന ലോകായന്‍ പര്യടനത്തില്‍ സുദര്‍ശിനി സന്ദര്‍ശിക്കുന്ന പതിനഞ്ചാമത്തെ തുറമുഖമാണിത്. ലോകരാജ്യങ്ങളുമായി ഭാരതത്തിനുള്ള കാലാതീതമായ സമുദ്രബന്ധവും സദ്ഭാവനയും വിളിച്ചോതുന്നതാണ് ഈ യാത്ര. സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം ലോകമെമ്പാടുമെത്തിക്കാനും പങ്കാളിത്ത രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനും ഈ നാവിക യാത്രയിലൂടെ ഭാരതം ലക്ഷ്യമിടുന്നു.
















