മലപ്പുറം: മലപ്പുറം വിവേചനം നേരിടുന്നതായും ജനസംഖ്യ പരിഗണിക്കുമ്പോള്‍ മൂന്ന് ജില്ലകള്‍ വരേണ്ട സ്ഥിതിയാണെന്നും മുസ്‌ലിം ലീഗ് നേതാവ് പി.എം.എ സലാം പറഞ്ഞു.
”ഒരു പ്രത്യേക പ്രദേശത്തോ നാട്ടിലോ ജില്ല വേണമെന്നല്ല ലീഗ് അഭിപ്രായപ്പെടുന്നത്. ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ പുന:ക്രമീകരിക്കണമെന്നാണ്. അല്ലെങ്കില്‍ വിഭവവിനിയോഗത്തില്‍ വിവേചനം ഉണ്ടാകും. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയ്‌ക്കും പത്ത് ലക്ഷത്തോളം ജനസംഖ്യയുള്ള പത്തനംതിട്ട ജില്ലയ്‌ക്കും ജില്ലാടിസ്ഥാനത്തില്‍ കിട്ടുന്നത് ഒരേ സൗകര്യങ്ങളാണ്. ഒരോ കേരളീയനും അവകാശപ്പെട്ട ആനുകുല്യങ്ങളും മറ്റും ലഭ്യമാകണം. മലപ്പുറം ജില്ലയില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ താലൂക്കുകള്‍ 20 ലക്ഷം ജനസംഖ്യയുള്ള ജില്ലകളിലുണ്ട്. ഇത്തരത്തിലുള്ള അശാസ്ത്രീയത മാറ്റണം. ഇത് ലീഗിന്റെ തുറന്ന അഭിപ്രായമാണ്. ഇതിന്റെ അര്‍ത്ഥം മലപ്പുറം ജില്ല മാത്രം വിഭജിക്കണമെന്നല്ല. തിരൂര്‍ ആസ്ഥാനമായി മലപ്പുറം ജില്ലയെ രണ്ടാക്കണമെന്ന് പറയുന്നില്ല. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പുന:ക്രമീകരണം അത്യാവശ്യമാണ്” -പി.എം.എ സലാം വ്യക്തമാക്കി.
കഴിഞ്ഞദിവസം മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷത്തിൽ മാത്യുകുഴൽനാടൻ എം.എൽ.എയാണ് പുതിയ ജില്ല വേണമെന്നാവിശ്യം മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ചത്. ഇനി പുതിയ ജില്ല രൂപീകരിക്കുകയാണെങ്കിൽ അതിൽ മൂവാറ്റുപുഴ തീർച്ചയായും ഉണ്ടാകുമെന്നാണ് വി.ഡി സതീശൻ പറഞ്ഞത്. വികസന പ്രവർത്തനങ്ങളിൽ നേരിട്ട തടസ്സങ്ങൾ മാറ്റിയെടുക്കുമെന്നും, പുതിയ ജില്ലയായി മാറുമ്പോൾ സ്വന്തം ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപെട്ടുപോകുമെന്ന നേരിയ വിഷമമുണ്ടെങ്കിലും വിഷയം ഗൗരവത്തോടെ സർക്കാർ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി നിയോജകമണ്ഡല പുനർനിർണയ കമ്മീഷനെ സർക്കാർ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















